കൃഷ്ണ ജുവൽസ് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsകണ്ണൂർ: കണ്ണൂരിലെ കൃഷ്ണ ജുവൽസിൽനിന്ന് ഏഴരക്കോടി തട്ടിയെടുത്തെന്ന കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കണ്ണൂർ ടൗൺ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഇനി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. പുതിയ അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കേസിലെ പ്രതിയും ജുവൽസിലെ ചീഫ് അക്കൗണ്ടന്റുമായ ചിറക്കലിലെ കെ. സിന്ധുവിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞയാഴ്ച പൂർത്തിയായി. തുടർച്ചയായി മൂന്നുദിവസമാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിലെ വിശദമായ അന്വേഷണ റിപ്പോർട്ട് ഡിസംബർ 19ന് ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് നഷ്ടപ്പെട്ട തുകയുടെ മൂല്യം കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചത്.
കൃഷ്ണാ ജുവൽസിൽ ചീഫ് അക്കൗണ്ടന്റായിരിക്കെ കെ. സിന്ധു വിവിധ ഘട്ടങ്ങളിലായി ഏഴരക്കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് മാനേജിങ് ഡയറക്ടർ സി.വി. രവീന്ദ്രനാഥാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഇവർ ഒളിവിൽ പോയി. ഒളിവിലിരുന്ന് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈകോടതി ഇവരോട് നിർദേശിച്ചു. അറസ്റ്റ് ചെയ്യരുതെന്നും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഇവർ കണ്ണൂർ ടൗൺ പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.