ചാർജാകാതെ കെ.എസ്.ഇ.ബി ഇ-സ്റ്റേഷനുകൾ
text_fieldsകണ്ണൂർ: നോക്കുകുത്തിയായി ജില്ലയിലെ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ. തുടക്കത്തിൽ മികച്ച രീതിയിൽ മുന്നേറിയ ചാർജിങ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബിയുടെ അനാസ്ഥ കാരണം നിലച്ച നിലയിലായിരിക്കുന്നത്.
വൈദ്യുത വാഹനങ്ങൾ മലയാളിക്ക് പ്രിയമേറുന്നതോടെ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടിടത്താണ് നിലവിലുള്ളത് പരിപാലിക്കാത്തതിനാൽ നശിക്കുന്നത്. കണ്ണൂരിൽ ആദ്യമായി ഒരുക്കിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനായിരുന്നു ചൊവ്വയിലേത്. തുടങ്ങിയ വർഷം 22155 യൂനിറ്റ് വൈദ്യുതി പോലും ചാർജിങ്ങിനായി ഉപയോഗിച്ചിരുന്നു.
എന്നാൽ, ഇന്ന് ഇത് പൂട്ടിയ നിലയിലാണ്. ചാർജിങ് മെഷീനുകൾക്ക് കൃത്യമായി ഫണ്ട് നൽകാത്തതാണ് അടച്ചുപൂട്ടാൻ കാരണമാകുന്നത്. കൂടാതെ നേരത്തേ ചാർജ് മോഡ് ആപ്പിൽ പ്രവർത്തിക്കുന്ന സമയത്ത് ഒരു ബുദ്ധിമുട്ടുമില്ലാതെ സർവിസ് നടത്തിയിരുന്നു. ഇതുമാറ്റി കെ.എസ്.ഇ.ബിയുടെ തന്നെ കെ.ഇ.എം ആപ്പിലേക്ക് മാറിയതോടെ ഒട്ടും ചാർജിങ് ലഭിക്കാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.
വളപട്ടണത്ത് സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ ചാർജിങ് സ്റ്റേഷനും ഇതേ സ്ഥിതിയാണ്. സ്റ്റേഷനുകൾ പരിപാലിക്കാൻ അധികൃതർ ഇല്ലാത്തതും തകർച്ച കാരണമാകുന്നുണ്ട്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. കണ്ണൂർ നഗരത്തിൽ വിശാലമായ പാർക്കിങ് അടക്കമുള്ള ചൊവ്വയിലെ ചാർജിങ് സ്റ്റേഷൻ പ്രവർത്തിക്കാത്തിനാൽ യാത്രക്കാരിൽ പ്രതിഷേധമുയരുന്നുണ്ട്. സർക്കാറുകൾക്ക് പദ്ധതികൾ ആരംഭിക്കാനുള്ള ആവേശം അതു പരിപാലിക്കുന്നതിൽ കാണുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഒരു ദിവസം ചാർജ് ചെയ്യാൻ ലഭിച്ചാൽ പിന്നെ ഒരുപാട് ദിവസങ്ങൾക്ക് ചാർജ് സ്റ്റേഷൻ പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.