നൂറിൽ പാഞ്ഞ് ആനവണ്ടി വിനോദയാത്ര
text_fieldsകണ്ണൂർ: അടിച്ചുപൊളിച്ച് ആനവണ്ടി വിനോദയാത്ര നൂറിലെത്തി. കണ്ണൂർ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളാണ് സെഞ്ച്വറിയടിച്ചത്. കണ്ണൂരിൽ നിന്നുള്ള സംഘം കൊച്ചിയിലെ ആഡംബരക്കപ്പലായ നെഫർറ്റിറ്റിയിലെത്തിയതോടെയാണ് എട്ടു മാസംകൊണ്ട് യാത്രകളുടെ എണ്ണം നൂറായത്.
ബുധനാഴ്ച പുലർച്ച 5.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട സംഘം ഉച്ചക്ക് രണ്ടിന് കൊച്ചിയിലെത്തി. പ്രഫഷനൽ ഗൈഡും കണ്ടക്ടറുംകൂടിയായ കലേഷിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് യാത്രയിലുള്ളത്. ആഡംബരക്കപ്പലിലെ ചാർജടക്കം ഒരാൾക്ക് 3850 രൂപയാണ് ഈടാക്കിയത്. ബുധനാഴ്ച വൈകീട്ട് കപ്പലിൽ കയറിയ സംഘം രാത്രി ഒമ്പതു വരെ അവിടെ ചെലവഴിച്ചു. തുടർന്ന് വ്യാഴാഴ്ച പുലർച്ച അഞ്ചിന് നാട്ടിൽ തിരിച്ചെത്തും.
കണ്ണൂരിനു പുറമെ കോഴിക്കോട്, തൃശൂർ ജില്ലകളും യാത്രകളുടെ എണ്ണം 100 തികച്ചെങ്കിലും അത് ഒരു വർഷംകൊണ്ടായിരുന്നു. 2022 ഫെബ്രുവരി 12ന് വയനാട്ടിലേക്കായിരുന്നു കണ്ണൂരിൽനിന്നുള്ള ആദ്യ യാത്ര.
100 തികച്ചതോടെ അത് വിപുലമായി ആഘോഷിക്കാനുള്ള ആലോചനയിലാണ് കെ.എസ്.ആർ.ടി.സി. യാത്രയുടെ ഫ്ലാഗ് ഓഫ് കണ്ണൂർ ഡി.ടി.ഒ മനോജ് നിർവഹിച്ചു. 75 ലക്ഷം രൂപയോളം ഇതുവരെ വരുമാനം ലഭിച്ചതോടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൂടുതൽ യാത്രകൾ നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.