ഓണത്തിന് കറങ്ങാൻ ആനവണ്ടി
text_fieldsകണ്ണൂർ: ഓണം പൊളിക്കാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. ഓണത്തോടനുബന്ധിച്ച് ആകർഷകമായ വിവിധ ടൂർ പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയത്. ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽ മല, റാണിപുരം, കോഴിക്കോട് പാേക്കജുകൾക്കു പുറമെ കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർഥാടന യാത്രയും ഇപ്രാവശ്യമുണ്ട്.
ഇടവേളക്ക് ശേഷം ഗവി യാത്ര
മൂന്ന് മാസത്തെ ഇടവേളക്കുശേഷം ഗവി യാത്ര പുനരാരംഭിച്ചു. സെപ്റ്റംബർ 16, 20 തീയതികളിൽ കണ്ണൂരിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് 19, 23 തീയതികളിൽ പുലർച്ച ആറിന് കണ്ണൂരിലെത്തുന്ന പാക്കേജിൽ ഗവി, പരുന്തുൻപാറ, കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിക്കുന്നു.
മൂന്നാർ
സെപ്റ്റംബർ 16 ,20, 27 തീയതികളിൽ വൈകീട്ട് ഏഴിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 19, 23, 30 തീയതികളിൽ പുലർച്ച ആറിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയാറാക്കിയിരിക്കുന്നത്. ഒന്നാമത്തെ ദിവസം മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മറയൂർ ശർക്കര ഫാക്ടറി, മുരുഗമല ഓഫ് റോഡ് ജീപ് സഫാരി, ഇറച്ചിൽപാറ വെള്ളച്ചാട്ടം, ഭ്രമരം പോയന്റ്, കാന്തലൂർ ഫ്രൂട്ട് ഗാർഡൻ, മറയൂർ ചന്ദനത്തോട്ടം എന്നിവ സന്ദർശിച്ച് മറയൂരിൽ താമസം. രണ്ടാമത്തെ ദിവസം സിഗ്നൽ പോയന്റ്, ഗ്യാപ് റോഡ് വ്യൂ പോയന്റ്, മാലയ്കള്ളൻ കേവ്, ആനഇറങ്ങൽ ഡാം, ശാന്തൻപാറ, ചതുരംഗപാറ എന്നിവ സന്ദർശിച്ച് കണ്ണൂരിലേക്ക് മടങ്ങുന്നു.
വാഗമൺ
സെപ്റ്റംബർ 16, 27 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഒന്നാമത്തെ ദിവസം വാഗമൺ അഡ്വഞ്ചർ പാർക്ക് (ഗ്ലാസ് ബ്രിഡ്ജ് പാർക്ക്), പൈൻ വാലി ഫോറസ്റ്റ്, വാഗമൺ മേഡോസ് എന്നിവ സന്ദർശിച്ച് രണ്ടാമത്തെ ദിവസം ചതുരംഗപാറ ഏരിയയിൽ സന്ദർശനം നടത്തി കണ്ണൂരിലേക്ക് തിരിക്കും.
വയനാട്
ഉരുൾ പൊട്ടലിനെത്തുടർന്ന് സാമ്പത്തികമായി തളർന്നു കിടക്കുന്ന വയനാടിനെ തിരിച്ചു കൊണ്ടുവരുന്നതിനു വേണ്ടി വയനാട്ടിലേക്കുള്ള യാത്രകൾ പുനരാരംഭിച്ചു. സെപ്റ്റംബർ 16, 22 തീയതികളിൽ രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന പാക്കേജിൽ തുഷാര ഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയന്റ്, ചങ്ങല മരം എന്നിവ സന്ദർശിക്കും.
പൈതൽ മല
സെപ്റ്റംബർ എട്ട്, 29 തീയതികളിൽ രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ച് രാത്രി ഒമ്പതിന് കണ്ണൂരിൽ തിരിച്ചെത്തുന്നു.
റാണിപുരം
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ മാസമാണിത്. സെപ്റ്റംബർ 29 രാവിലെ ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവ സന്ദർശിച്ച് രാത്രി ഒമ്പതിന് കണ്ണൂരിൽ തിരിച്ചെത്തും.
കടത്തനാടൻ യാത്ര
സെപ്റ്റംബർ എട്ട്, 16, 22 തീയതികളിൽ രാവിലെ 6.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് കോഴിക്കോട് ജില്ലയിലെ കരയാതുപാറ, ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, തോണിക്കടവ് ടവർ എന്നിവ സന്ദർശിച്ച് രാത്രി ഒമ്പതിന് കണ്ണൂരിൽ തിരിച്ചെത്തും.
കൊല്ലൂർ - കുടജാദ്രി
സെപ്റ്റംബർ 10, 24 തീയതികളിൽ രാത്രി 08.30ന് പുറപ്പെട്ട് ഒരു ദിവസം കൊല്ലൂർ, കുടജാദ്രി സർവജ്ഞ പീഠം എന്നിവ ദർശിച്ച് രണ്ടാമത്തെ ദിവസം ഉഡുപ്പി, മധൂർ, അനന്തപുര, ബേക്കൽ ഫോർട്ട് എന്നിവയും കണ്ട് രാത്രി 7.30 ഓടെ കൂടി കണ്ണൂരിൽ തിരിച്ചെത്തുന്നു.
ആറന്മുള വള്ളസദ്യ
സെപ്റ്റംബർ 12 ന് രാവിലെ 5.30 ന് പുറപ്പെടുന്ന പാക്കേജിൽ ഒന്നാമത്തെ ദിവസം വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, ചോറ്റാനിക്കര ക്ഷേത്രങ്ങൾ ദർശിച്ച് ചെങ്ങന്നൂരിൽ താമസം, രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്രങ്ങളും കുന്തി ദേവീ ക്ഷേത്രവും കവിയൂർ ഗുഹ ക്ഷേത്രവും സന്ദർശിച്ച് ആറന്മുള വള്ള സദ്യയും കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങും.
ബുക്കിങ്ങിനും അന്വേഷങ്ങൾക്കും വിളിക്കാം. ഫോൺ: 8089463675, 9497007857.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.