എൽ.ഡി.എഫ് സമരപ്പന്തലിൽ കെ.എസ്.ആർ.ടി.സി കുടുങ്ങി
text_fieldsകണ്ണൂർ: എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ല ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നിർമാണം നടത്തിവന്ന സമരപ്പന്തലിൽ കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങി അപകടം. ബസിന്റെ ഇടിയുടെ ആഘാതത്തിൽ പന്തലിന് മുകളിൽ പണിയിൽ ഏർപ്പെട്ടിരുന്ന അന്തർ സംസ്ഥാന തൊഴിലാളിക്ക് വീണ് പരിക്കേറ്റു. അസം സ്വദേശി ഹസനാണ് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ബുധനാഴ്ച ഉച്ചയോടെയാണ് ജില്ല ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലെ റോഡ് പൂർണമായും ഉൾപ്പെടുത്തി പന്തൽ നിർമാണം തുടങ്ങിയത്. കോഴിക്കോട് ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ കടന്നുപോകുന്ന റോഡാണിത്. ജില്ലയിലെ ചില ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന ബസുകളും പഴയ ബസ് സ്റ്റാൻഡിൽ പോകാതെ ഇതുവഴി പോകാറുണ്ട്.
ജങ്ഷനിൽനിന്ന് തിരിഞ്ഞാണ് ഇതിലൂടെ ബസുകളും വാഹനങ്ങളും പോകുന്നത്. വാഹനങ്ങൾക്ക് പുറമെ ജനങ്ങളുടെ നല്ല തിരക്കും റോഡിൽ അനുഭവപ്പെടാറുണ്ട്. ജങ്ഷൻ മുതൽ കേരള ബാങ്ക് വരെ വൺവേയാണ്. സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഇതുവഴി പ്രയാസമില്ലാതെ കടന്നുപോയിരുന്നു.
എന്നാൽ, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഇതുവഴി കടന്നുപോകുന്നതിനിടയിലാണ് ബസിന്റെ മുകൾ ഭാഗത്തെ ഗാരേജ് പന്തലിന്റെ മേൽഭാഗത്ത് ഇടിച്ചത്. ഇതിന്റെ ആഘാതത്തിലാണ് തൊഴിലാളി താഴേക്ക് വീണ് പരിക്കേറ്റത്. മുക്കാൽ മണിക്കൂറോളം ബസ് ഇവിടെ കുടുങ്ങിക്കിടന്നു. പന്തലിന്റെ മേൽഭാഗം അടർത്തിമാറ്റിയാണ് ബസ് കടന്നുപോയത്.
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ പുലർത്തുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുന്നത്.
അതേസമയം, റോഡിന് കുറുകെ സമരപ്പന്തൽ കെട്ടുന്നതിന് കോർപറേഷനെ അനുമതിക്കായി ആരും സമീപിച്ചിട്ടില്ലെന്ന് കോർപറേഷൻ അധികൃതരും മൈക്കിനു മാത്രമാണ് അനുമതി നൽകിയതെന്ന് പൊലീസും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.