പാലയാട് കാമ്പസിൽ കെ.എസ്.യു പ്രവർത്തകർക്ക് മർദനം
text_fieldsതലശ്ശേരി: പാലയാട് കാമ്പസിൽ കെ.എസ്.യു ജില്ല സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് മർദനത്തിൽ പരിക്കേറ്റു. ജില്ല സെക്രട്ടറി ഫർഹാൻ മുണ്ടേരി, മണ്ഡലം പ്രസിഡന്റ് രാഗേഷ്, അർഷരാജ്, മുർഷിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഒന്നാം വർഷ എൽഎൽ.ബി വിദ്യാർഥിയായ മുർഷിദിനെ മർദിച്ചത് ചോദ്യം ചെയ്യാനെത്തിയ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവരെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി.
മർദനത്തിൽ മുർഷിദിന്റെ കണ്ണിന് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകർ റാഗ് ചെയ്തെന്നാണ് മുർഷിദിന്റെ പരാതി. ചൊവ്വാഴ്ച രാവിലെയാണ് കാമ്പസിൽ സംഘർഷം നടന്നത്. 15ഓളം പേർ ചേർന്ന് വടി ഉപയോഗിച്ചാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.
മർദനമേറ്റവരെ സന്ദർശിച്ചു
തലശ്ശേരി: പാലയാട് കാമ്പസിലെ എസ്.എഫ്.ഐക്കാരുടെ തേർവാഴ്ച ഭീകരർക്ക് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജയിംസ്.
കാമ്പസ് തെരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരായി മത്സരിച്ചു എന്നതിന്റെ പേരിൽ കെ.എസ്.യു നേതാക്കളെ ബാത്റൂമിൽ പൂട്ടിയിട്ട് എസ്.എഫ്.ഐ സംഘം മർദിക്കുകയായിരുന്നു. കെ.എസ്.യു ജില്ല സെക്രട്ടറി ഫർഹാൻ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുമെന്ന് എസ്.എഫ്.ഐ നേതാക്കൾ പരസ്യമായി പ്രസംഗിച്ചിരുന്നുവെങ്കിലും ആക്രമണം തടയാൻ പൊലീസ് തയാറായില്ല.
പാലയാട് കാമ്പസിലെ വിദ്യാർഥികൾക്ക് സംരക്ഷണമൊരുക്കാൻ ജനകീയ മുന്നേറ്റത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സുദീപ് ജയിംസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ല സെക്രട്ടറിമാരായ പ്രനിൽ മതുക്കോത്ത്, പി. ഇമ്രാൻ, സനോജ് പലേരി, ചിന്മയി മാസ്റ്റർ എന്നിവർക്കൊപ്പം പരിക്കേറ്റവരെ സുദീപ് ജയിംസ് ആശുപത്രിയിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.