മാലിന്യ സംസ്കരണത്തിൽ ഇടപെടാൻ കുടുംബശ്രീ ബാലസഭ
text_fieldsകണ്ണൂർ: മാലിന്യ സംസ്കരണ മേഖലയിൽ ന്യൂജനറേഷൻ ആശയങ്ങളുമായി കുടുംബശ്രീ ബാലസഭ കുട്ടികൾ.
വലിച്ചെറിയപ്പെടുന്ന മാലിന്യം മുതൽ വാഹനങ്ങളിലെ വിഷപ്പുകവരെ ചർച്ചയായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ബാലസഭകളിൽനിന്ന് തെരഞ്ഞെടുത്ത 19 കുട്ടികളാണ് മാലിന്യ സംസ്കരണവും പ്രശ്നപരിഹാരവും എന്ന വിഷയത്തിലുള്ള പ്രബന്ധങ്ങളുടെ അവതരണം നടത്തിയത്.
ശുചിത്വോത്സവം രണ്ടാം സീസണിന്റെ ഭാഗമായി മാലിന്യ സംസ്കരണ മേഖലയിൽ പുതിയ മാതൃകകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വാർഡ് തലത്തിൽ വിവിധ പരിപാടികൾ ബാലസഭ നടത്തിയിരുന്നു.
കാസർകോട് ജില്ലയിലെ ബേഡടുക്ക പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ, മട്ടന്നൂർ നഗരസഭ പരിധിയിൽ വരുന്ന വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണം, സാനിറ്ററി മാലിന്യ സംസ്കരണം തുടങ്ങി വാഹനങ്ങളുടെ പുകമാലിന്യങ്ങൾ കുറക്കുന്നതിനുള്ള കാര്യങ്ങൾവരെ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും കുടുംബങ്ങളിൽനിന്ന് സമൂഹത്തിലേക്കും ശുചിത്വ സന്ദേശവും ശാസ്ത്രീയ മാലിന്യ സംസ്കരണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പരിപാടികൾ നടത്തുന്നത്.
ഒന്നോ അതിൽ അധികമോ അയൽക്കൂട്ട പരിധിയിൽ ഉൾപ്പെടുന്നതും 15 മുതൽ 30 വരെ കുട്ടികൾ (അഞ്ചു മുതൽ 18 വയസ്സ്) ചേർന്ന് രൂപപ്പെടുത്തുന്നതുമായ പ്രാദേശിക സംഘങ്ങളാണ് കുടുംബശ്രീ ബാലസഭകൾ.
കുടുംബശ്രീ സംഘടന സംവിധാനത്തിന് തത്തുല്യമായി മൂന്നു തലങ്ങളിലാണ് ബാലസഭ സംവിധാനവും പ്രവർത്തിക്കുന്നത്. മാലിന്യ സംസ്കരണത്തിൽ പുതിയ തലമുറയെകൂടി ഉൾപ്പെടുത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.
കണ്ണൂർ ജില്ല പഞ്ചായത്ത് വിഡിയോ കോൺഫറൻസ് ഹാളിൽനടന്ന പരിപാടിയിൽ എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫിസർ ഡോ. ടി.വി. വിനീഷ്, തിരുവനന്തപുരം ഡയറ്റ് ലക്ചർ ഡോ. സതീഷ് ചന്ദ്രൻ, സംസ്ഥാന മിഷൻ പാനൽ അംഗം എസ്. ബൈജു കുമാർ, ഹയർസെക്കൻഡറി അധ്യാപകൻ എ. ഗിരീഷ് എന്നിവർ പ്രബന്ധങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.