കുടുംബശ്രീ ‘സ്നേഹിത’ ഇനി പൊലീസ് സ്റ്റേഷനുകളിലും
text_fieldsകണ്ണൂർ: കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് സേവനം ഇനി പൊലീസ് സ്റ്റേഷനുകളിലേക്കും. ജില്ല മിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക് സേവനം ജില്ലയിലെ ഡിവൈ.എസ്.പി/എ.സി.പി ഓഫിസുകളിലാണ് ലഭിക്കുക. പൊലീസ് സ്റ്റേഷനിലെത്തുന്ന അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതിനു വേണ്ടിയാണ് സ്റ്റേഷനുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നത്.
ജില്ലയിൽ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് എ.സി.പി ഓഫിസികളിലും, പേരാവൂർ, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ ഡിവൈ.എസ്.പി ഓഫിസുകളിലും ഇതിന്റെ കീഴിൽ വരുന്ന സ്റ്റേഷനുകളിലും സ്നേഹിതയുടെ കൗൺസിലർ സേവനം ലഭ്യമാകും. കുടുംബശ്രീ സംസ്ഥാന മിഷന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയാണ് സ്നേഹിത എക്സ്റ്റൻഷൻ സെന്റർ. ജില്ലയിലെ സ്റ്റേഷനുകളിൽ സ്നേഹിത സെന്റർ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30ന് കണ്ണൂർ എ.സി.പി ഓഫിസിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി നിർവഹിക്കും.
പരിചയ സമ്പന്നരായ കമ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് സ്റ്റേഷനുകളിൽ സേവനം ലഭ്യമാക്കുന്നത്. പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുക, കൗൺസലിങ് സേവനം നൽകുക, താൽക്കാലിക ഷെൽട്ടറിങ് ആവശ്യമുള്ളവർക്ക് സ്നേഹിത ജൻഡർ ഹെൽപ് ഡെസ്കിൽ ഷെൽട്ടറിങ് ലഭ്യമാക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം ചെയ്യുക, കൗൺസലിങ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരം മെച്ചപ്പെടുത്താൻ പൊലീസിനെ സഹായിക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം ചെയ്യുക എന്നിവയൊക്കെയാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്.
സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ കൗൺസലിങ്, ടെലി കൗൺസലിങ് സേവനം ലഭ്യമാണ്
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്ടിക്കാനും ഉപജീവനത്തിനും അതിജീവനത്തിനും പിന്തുണ നൽകാനും സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് സഹായിക്കുന്നു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 2017 ഡിസംബർ 16നാണ് ‘സ്നേഹിത’ കണ്ണൂർ മുണ്ടയാട് പള്ളിപ്രത്ത് പ്രവർത്തനം തുടങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ കൗൺസലിങ്, ടെലി കൗൺസലിങ് സേവനം ലഭ്യമാണ്. ഏഴ് വർഷം പൂർത്തിയാകുമ്പോൾ ഇതു വരെയായി 3037 കേസുകൾ കൈകാര്യം ചെയ്തു. 1742 പേർക്ക് കൗൺസലിങ് സേവനം ലഭ്യമാക്കുകയും ചെയ്തു. താൽക്കാലിക അഭയത്തിനായി 687 പേരാണ് സ്നേഹിതയെ സമീപിച്ചത്. സ്നേഹിതയുടെ സേവനങ്ങൾക്കായി വിളിക്കാം. ഫോൺ: 0497 2721817, 18004250717.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.