കുടുംബശ്രീ ഹോട്ടല്‍ അടച്ചുപൂട്ടൽ; കണ്ണൂര്‍ കോർപറേഷനെതിരെ പ്രതിപക്ഷം
text_fieldsകണ്ണൂര്‍: കോർപറേഷന്‍ ഓഫിസ് വളപ്പിൽ പ്രവര്‍ത്തിച്ചുവന്നിരുന്ന കുടുംബശ്രീ ടേസ്റ്റി ഹോട്ടല്‍ അടച്ചുപൂട്ടിയതിനെതിരെ ഓഫിസിനുമുന്നില്‍ ആറ് ദിവസമായി നടക്കുന്ന കുത്തിയിരിപ്പ് സമരം സംബന്ധിച്ച് കോർപറേഷന്‍ കൗണ്‍സിലില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
കൗണ്‍സില്‍ യോഗത്തിന്റെ തുടക്കത്തില്‍ സി.പി.എം അംഗം എന്‍. സുകന്യ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയോ ചര്‍ച്ചക്ക് അവസരം നല്‍കുകയോ ചെയ്യാത്ത മേയറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്.
സുകന്യക്കുശേഷം സി.പി.എമ്മിലെ ടി. രവീന്ദ്രന്‍ സംസാരിക്കാൻ തയാറായപ്പോള്‍ മേയര്‍ അനുവദിക്കാതിരിക്കുകയും തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുന്നതായി അംഗങ്ങള്‍ പ്രഖ്യാപിക്കുകയുമായിരുന്നു.
തുടര്‍ന്ന് അംഗങ്ങള്‍ യോഗ ഹാളില്‍ത്തന്നെ നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ, അര മണിക്കൂര്‍ കൊണ്ട് അജണ്ട പാസാക്കി യോഗം പിരിഞ്ഞു. കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടല്‍ നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്റെ നിര്‍ദേശം പോലും പാലിക്കാന്‍ കോർപറേഷന്‍ ഭരണാധികാരികള്‍ തയാറായില്ലെന്ന് സുകന്യ ചൂണ്ടിക്കാട്ടി. ആറുദിവസമായി ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഹോട്ടൽ ജീവനക്കാർ. ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ പകരം മറ്റൊരു സ്ഥലം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ, ഇതിനോട് കോർപറേഷൻ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങൾ, സമരം നടത്തുന്ന ഹോട്ടൽ ജീവനക്കാർക്കൊപ്പം പ്ലക്കാർഡേന്തി കോർപറേഷനുമുന്നിൽ പ്രതിഷേധിച്ചു.
ബദൽ സംവിധാനം ഒരുക്കണം -എൻ. സുകന്യ, എൽ.ഡി.എഫ് കൗൺസിലർ
കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ അവിടെനിന്ന് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോർപറേഷൻ ഓഫിസ് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ ഏഴു സ്ത്രീകളുടെ ഉപജീവന മാർഗവും ഇല്ലാതായി. ഇവർക്ക് ബദൽ സംവിധാനം ഒരുക്കണം. നിരാലംബരായ പാവപ്പെട്ട സ്ത്രീകളോട് രാഷ്ട്രീയപരമായി സമീപിക്കാതെ അവർക്ക് അനുകൂല നടപടിയെടുക്കണം.
പ്രവർത്തിക്കുന്നത് വാടക നൽകാതെ അനധികൃതമായി -ടി.ഒ. മോഹനൻ, മേയർ
വർഷങ്ങളായി കോർപറേഷൻ വളപ്പിനുള്ളിൽ ഒരുരൂപ പോലും വാടക നൽകാതെയാണ് കുടുംബശ്രീ ടേസ്റ്റി ഹട്ട് പ്രവർത്തിക്കുന്നത്. ഇത് അനധികൃതമാണ്. ഇവർ കോർപറേഷനുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. പിന്നെ എന്ത് ചർച്ചയാണ് ഇവരുമായി നടത്തേണ്ടത്? വാടക നൽകാതെ പ്രവർത്തനാനുമതി നൽകാൻ സാധിക്കില്ല. കുടുംബശ്രീയോട് കോർപറേഷന് പ്രശ്നങ്ങളുണ്ടെന്നുപറയുന്നത് അടിസ്ഥാന രഹിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.