കുടുംബശ്രീ ഹോട്ടല്‍ തകര്‍ത്തു; കണ്ണൂർ കോർപറേഷനെതിരെ മോഷണക്കുറ്റത്തിന് കേസ്
text_fieldsകണ്ണൂർ: നഗരത്തിൽ കുടുംബശ്രീ ഹോട്ടൽ പൊളിച്ചു മാറ്റിയ സംഭവത്തിൽ കോർപറേഷനെതിരെ മോഷണക്കുറ്റത്തിന് കേസ്. കോർപറേഷൻ വളപ്പിൽ പ്രവർത്തിച്ചിരുന്ന ചുരുങ്ങിയ ചെലവിൽ ഭക്ഷണം ലഭിച്ചിരുന്ന ടേസ്റ്റ് ഹട്ട് ഹോട്ടലാണ് കഴിഞ്ഞ ദിവസം രാത്രി കോർപറേഷൻ അധികൃതർ പൊളിച്ചുമാറ്റിയത്.
ഫ്രിഡ്ജ്, മിക്സി അടക്കമുള്ള മൂന്നുലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി കാണിച്ച് കുടുംബശ്രീ അംഗങ്ങളാണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ടൗൺ പൊലീസിന് കൈമാറിയ പരാതിയിൽ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയാണ് ചൊവ്വാഴ്ച മോഷണക്കുറ്റത്തിന് കേസെടുത്തത്.
കോർപറേഷൻ നടപടിയിൽ സി.പി.എം അടക്കമുള്ളവർ രംഗത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. കോര്‍പറേഷന്‍ വളപ്പില്‍ കുടുംബശ്രീ ഹോട്ടല്‍ തകര്‍ത്ത മേയറുടെ നടപടി ഡല്‍ഹി ബി.ജെ.പി മേയര്‍ നടപ്പാക്കിയ പോലെയുള്ള ബുള്‍ഡോസര്‍ രാജാണെന്നും കണ്ണൂരിൽ കുടുംബശ്രീ വേട്ടയാണെന്നും സ്ഥലം സന്ദർശിച്ച സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനുപിറകെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.
നേരത്തെ ഈ ഭക്ഷണശാല അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കോർപറേഷൻ മേയർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിറകെയാണ് ഞായറാഴ്ച ബുൾഡോസർ ഉപയോഗിച്ച് ഹോട്ടൽ പ്രവർത്തിക്കുന്ന ഷെഡ് പൊളിച്ചു മാറ്റിയത്. കോർപറേഷൻ നോട്ടീസ് നൽകിയതിനാൽ രണ്ടാഴ്ചയായി സ്ഥാപനം പ്രവർത്തിച്ചിരുന്നില്ല. കോർപറേഷന് വേണ്ടി പുതിയ ഓഫിസ് സമുച്ചയം നിർമിക്കുന്നതിനായി സ്ഥാപനം മാറ്റണമെന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടതായി മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചിരുന്നു. മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്ന് കുടുംബശ്രീ ആവശ്യപ്പെട്ടതിനിടയിലാണ് ഹോട്ടൽ പൊളിച്ചുമാറ്റിയത്.
ഹോട്ടൽ പൊളിച്ച സാധനങ്ങൾ കോർപറേഷൻ സുരക്ഷിതമായി സൂക്ഷിച്ചതായും സാധനങ്ങളുടെ പട്ടിക തയാറാക്കി കുടുംബശ്രീക്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ നൽകുമെന്നും മേയർ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് മോഷണക്കുറ്റത്തിന് കേസെടുത്തത്. നാലുവര്‍ഷം മുമ്പ് കോര്‍പറേഷന്‍ വളപ്പില്‍ എല്‍.ഡി.എഫ് ഭരണകാലത്താണ് ഏഴു വനിതകള്‍ക്ക് ടേസ്റ്റി ഹട്ട് എന്ന കുടുംബശ്രീ ഹോട്ടൽ അനുവദിച്ചത്.
നാളെ പ്രതിഷേധം
കണ്ണൂർ: ഹോട്ടൽ തകർത്ത നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ കോര്‍പറേഷനിലാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കോര്‍പറേഷന്‍ ഓഫിസിന്‍റെ മുന്നിലും സമരപരിപാടികള്‍ സംഘടിപ്പിക്കും.
ഹട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, പാത്രങ്ങള്‍, മേശ,കസേര, ഗ്യാസ് അടുപ്പ്, അരവു യന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം കടത്തിക്കൊണ്ടുപോയതായും മേയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് മേയറുടെ വക പ്രത്യേക സമ്മാനമാണ് ഈ പൊളിച്ചുനീക്കലെന്നും കുടുംബശ്രീ അംഗങ്ങൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.