മടക്കമില്ലാത്ത യാത്രയായി അനീഷ് കുമാർ
text_fieldsകണ്ണൂർ: കാൽനൂറ്റാണ്ട് നീണ്ടുനിന്ന പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബത്തിനൊപ്പം നിൽക്കാൻ നാട്ടിലേക്ക് മടങ്ങണമെന്ന് പറഞ്ഞാണ് അനീഷ് കുമാർ കഴിഞ്ഞമാസം കുവൈത്തിലേക്ക് വിമാനം കയറിയത്. ഒടുവിൽ എല്ലാം അവസാനിച്ച് മടക്കമില്ലാത്ത യാത്രക്കായി അനീഷിന്റെ ഭൗതികശരീരം പയ്യാമ്പലം ശ്മശാനത്തിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. കുവൈത്തിലെ മൻഗഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ (56) മൃതദേഹം വെള്ളിയാഴ്ച കണ്ണൂരിലെത്തിച്ചിരുന്നു. എ.കെ.ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച രാവിലെ എട്ടോടെ കരാറിനകം സഹകരണ ബാങ്ക് ഹെഡ് ഓഫിസ് പരിസരത്ത് ഒരുക്കിയ പൊതുദർശനത്തിന് എത്തിച്ചു. ശേഷം കുറുവയിലെ വീട്ടിലെത്തിച്ചു.
അനീഷിന്റെ മരണവിവരം വ്യാഴാഴ്ച വൈകീട്ടാണ് നാട്ടിലറിയുന്നത്. ഭാര്യയെയും അമ്മയെയും മരണവിവരം അറിയിച്ചിരുന്നില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് നാട്ടിലെത്താനായപ്പോഴാണ് അവരെ വിവരമറിയിച്ചത്. അനീഷിന്റെ ചേതനയറ്റ ശരീരം കണ്ട ഭാര്യ സന്ധ്യയെയും മക്കളായ ആദിഷിനെയും അശ്വിനെയും അമ്മ സതിയെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ പ്രയാസപ്പെട്ടു. ഒരുമണിക്കൂർ നീണ്ട പൊതുദർശനത്തിനുശേഷം ഉച്ചക്ക് 11.30 ഓടെ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.
വെള്ളിയാഴ്ച മൃതദേഹം കണ്ണൂരിലെത്തിച്ചെങ്കിലും കുവൈത്തിൽ പ്രവാസിയായ സഹോദരൻ അജിത്ത് കുമാർ എത്താനുള്ളതിനാൽ സംസ്കാരം ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കുവൈത്തിൽ സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായ അനീഷ്കുമാർ മേയ് 16നാണ് അവധികഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിയത്. സഹോദരങ്ങളായ അജിത്ത് കുമാറും രഞ്ജിത്തും കുവൈത്തിലാണ്. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് കുവൈത്തിൽ തിരിച്ചെത്തിയ അനീഷിനെ കാണാനായി അജിത്ത് പോകാനിരുന്ന ദിവസമാണ് മരണവിവരമെത്തുന്നത്. ഇത്തവണത്തെ പ്രവാസത്തിന് ശേഷം നാട്ടിൽ സ്ഥിരതാമസമാക്കണമെന്ന് അനീഷ് എല്ലാവരോടും പറഞ്ഞിരുന്നു. അതിനിടയിലാണ് അഗ്നിഗോളത്തിന്റെ രൂപത്തിൽ മരണമെത്തിയത്.
അപകടത്തിൽ മരിച്ച ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണയുടെയും പെരിങ്ങോം വയക്കര സ്വദേശി നിധിൻ കുത്തൂരിന്റെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച രാത്രിയോടെ സംസ്കരിച്ചിരുന്നു. നിയുക്ത എം.പി കെ. സുധാകരൻ, കലക്ടർ അരുൺ കെ. വിജയൻ, സിറ്റി പൊലീസ് കമീഷണർ ആർ. അജിത്കുമാർ, മേയർ മുസ്ലിഹ് മഠത്തിൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മാർട്ടിൻ ജോർജ്, എ.പി. അബ്ദുല്ലക്കുട്ടി, കെ.പി. സഹദേവൻ, എൻ. ചന്ദ്രൻ, എൻ. ഹരിദാസ്, അബ്ദുൽ കരീം ചേലേരി, മുൻ മേയർ ടി.ഒ. മോഹനൻ, പി.കെ. കൃഷ്ണദാസ്, കെ.എ. ലത്തീഫ്, കെ. പ്രമോദ്, സി. സമീർ, എം.പി. മുഹമ്മദലി, സിയാദ് തങ്ങൾ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പ്രതിനിധികൾ പുഷ്പചക്രം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.