കെ.വി. രഘുനാഥൻ: പരിഷത്തിനെ കണ്ണൂരിൽ ജനകീയമാക്കിയ ശാസ്ത്രകാരൻ
text_fieldsകണ്ണൂർ: തൃശൂരിൽ ഞായറാഴ്ച നിര്യാതനായ ശാസ്ത്രസാഹിത്യ പരിഷത് സ്ഥാപക നേതാവ് കെ.വി. രഘുനാഥൻ പരിഷത്തിനെ കണ്ണൂർ ജില്ലയിൽ ജനകീയമാക്കാൻ മുൻനിരയിൽ നേതൃത്വം നൽകിയ ശാസ്ത്രകാരനാണ്. പരിഷത്തിനെ കണ്ണൂരിന്റെ ഗ്രാമാന്തരങ്ങളിലെത്തിച്ചവരിൽ പ്രമുഖനായിരുന്നു കെ.വി.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം.
1971 മുതൽ ദീർഘകാലം കണ്ണൂർ സെൻറ് മൈക്കിൾസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. കണ്ണൂർക്കാരനായി, പരിഷത്തിന്റെ ജീവനാഡിയായി കഴിഞ്ഞിരുന്ന അദ്ദേഹം ഭാര്യ കണ്ണൂർ കെ.എസ്.ഇ.ബിയിൽനിന്ന് റിട്ടയർ ചെയ്ത അക്കൗണ്ടൻറ് സരോജിനിക്കൊപ്പം കുറച്ചുകാലമായി അമേരിക്കയിലെ കാലിഫോർണിയയിൽ മകൾ ഡോ. ശുഭ മീനാക്ഷിയുടെ കൂടെയായിരുന്നു താമസം. കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കയിൽനിന്ന് തിരിച്ചെത്തി സ്വദേശമായ തൃശൂരിലെ വേലൂരിൽ താമസമാക്കിയത്. 1962 സെപ്റ്റംബർ 10ന് കോഴിക്കോട് ദേവഗിരി കോളജിൽ നടന്ന പരിഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവരിൽ, ജീവിച്ചിരിപ്പുണ്ടായിരുന്ന അവസാന വ്യക്തിയായിരുന്നു രഘുനാഥൻ മാസ്റ്റർ. 1987ൽ കണ്ണൂരിൽ നടന രജത ജൂബിലി ആഘോഷത്തിന്റെ സംഘാടകരിലും പ്രധാനിയായിരുന്നു. കണ്ണൂരിന്റെ ഉൾഗ്രാമങ്ങളിൽ നൂറുകണക്കിന് ശാസ്ത്ര ക്ലാസുകളും ചർച്ചകളും നടത്തി പരിഷത്തിനെ ജനകീയ സംഘടനയാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നു. സരസ ഭാഷണങ്ങളിലൂടെയും മനോഹരമായ ക്ലാസുകളിലൂടെയും കേൾവിക്കാരെ ആകർഷിക്കാനുള്ള അദ്ദേഹത്തിന്റെ ചാതുരി അസാമാന്യമായിരുന്നു. റിട്ടയർ ചെയ്തതിനു ശേഷം കുറച്ചുകാലം പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.