സൗഹൃദം നടിച്ചും ഡീലർഷിപ് വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടി
text_fieldsകണ്ണൂർ: സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ സൗഹൃദം സ്ഥാപിച്ചും കമ്പനികളുടെ ഡീലർഷിപ്പ് വാഗ്ദാനം നൽകിയും ഓൺലൈനിൽ ലക്ഷങ്ങൾ തട്ടി. റിലയൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കാമ്പ കോളയുടെ ഡീലർഷിപ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽനിന്ന് 12.45 ലക്ഷം രൂപ തട്ടിയെടുത്തു.
കമ്പനിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത പരാതിക്കാരനെ ഇമെയിൽ വഴി കമ്പനി സ്റ്റാഫ് ആണെന്ന വ്യാജേന ബന്ധപ്പെട്ടാണ് തട്ടിപ്പിനിരയാക്കിയത്. സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
മുംബൈ പൊലീസ് ആണെന്ന വ്യാജേന ഫോൺ ചെയ്ത് മട്ടന്നൂർ സ്വദേശിയിൽ നിന്നും തട്ടിയത് 3.54 ലക്ഷമാണ്. പരാതിക്കാരന്റെ പേരിൽ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതിൽ കാലാവധി കഴിഞ്ഞ പാസ്പോർട്ട്, ക്രെഡിറ്റ് കാർഡ്, മാരക മയക്കുമരുന്നായ എം.ഡി.എം.എ എന്നിവ അയച്ചിടുണ്ടെന്ന് പറഞ്ഞ് മുബൈ പൊലീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ആൾ ഫോൺ വിളിക്കുകയായിരുന്നു.
ശേഷം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയും പരാതിക്കാരന്റെ അക്കൗണ്ടിലെ പണം ആർ.ബി.ഐ വെരിഫിക്കേഷനു വേണ്ടി മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അത് വിശ്വസിച്ച പരാതിക്കാരൻ പണം നൽകുകയായിരുന്നു.
പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. മറ്റൊരു പരാതിയിൽ തലശ്ശേരി സ്വദേശിക്ക് 2,800 രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്കിൽ പേഴ്സനൽ ലോണിനായിയുള്ള പരസ്യം കണ്ട് വാട്സ്ആപ് വഴി ബന്ധപ്പെടുകയും തുടർന്ന് പ്രോസസിങ് ചാർജായി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ 2,800 രൂപ നൽകുകയായിരുന്നു.
മറ്റൊരു പരാതിയിൽ ഫെയ്സ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും തുണിത്തരം വാങ്ങിയ മട്ടന്നൂർ സ്വദേശിക്ക് 5,200 രൂപ നഷ്ടപ്പെട്ടു. 17,231 രൂപയുടെ വ്യാപാരത്തിന് 5,200 രൂപ അഡ്വാൻസും ബാക്കി തുക ക്യാഷ് ഓൺ ഡെലിവറി ആയും നൽകിയാൽ മതിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
ചാറ്റിങ് സൂക്ഷിച്ചുമതി
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘം സജീവമാവുകയാണ്. നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചാണ് പലരേയും തട്ടിപ്പിനിരയാക്കുന്നത്. ഫേസ്ബുക്കിൽ ലണ്ടനിൽ നിന്നുള്ള ഡോക്ടറാണെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചയാൾക്ക് പണമയച്ചതിലൂടെ മുഴപ്പാല സ്വദേശിനിക്ക് 1,90,000 രൂപയാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്. സമാനമായ മറ്റൊരു പരാതിയിൽ ന്യൂ മാഹി സ്വദേശിക്ക് 9,450 രൂപയും നഷ്ടപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ട് സന്ദേശമയച്ച് തട്ടിപ്പ് നടത്തുന്നതും വ്യാപകമാണ്.
ആദ്യമണിക്കൂറിൽ പരാതിപ്പെടാം
ഓൺലൈൻ തട്ടിപ്പിനിരയായാൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകണം. സമൂഹമാധ്യമങ്ങളിൽ സൗഹൃദം നടിച്ച് നിരന്തരം സന്ദേശം അയക്കുന്നവരെ സൂക്ഷിക്കണം. പണം ആവശ്യപ്പെടുകയാണെങ്കിൽ പൂർണയും നിരസിക്കുക. കസ്റ്റമർ കെയർ നമ്പർ ഗൂഗ്ളിൽ പരതിയെടുത്ത് വിളിക്കുമ്പോൾ യഥാർഥ നമ്പറാണെന്ന് ഉറപ്പാക്കണം.
ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം. അടുത്ത പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതിപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.