കേളകത്ത് പൊതുശ്മശാനത്തിന് ഭൂമിയായി
text_fieldsകേളകം: പൊതുശ്മശാനമില്ലാത്തതിനാൽ മലയോരത്തെ ആദിവാസി കോളനികളിൽ മൃതദേഹം വീട്ടുമുറ്റങ്ങളിലും അടുക്കള പൊളിച്ചും മറവുചെയ്ത ദയനീയ സംഭവങ്ങൾക്ക് പരിഹാരമാവുന്നു. പൊതുശ്മശാനമില്ലാത്ത കേളകം പഞ്ചായത്തിൽ അത് നിർമിക്കാൻ ഭൂമി കണ്ടെത്തിയതായി കലക്ടർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. പഞ്ചായത്തിൽ നിലവിൽ പൊതുശ്മശാനമില്ലെന്നും അത് നിർമിക്കുന്നതിനായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കേളകം പഞ്ചായത്തിലെതന്നെ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്ഥലം ശ്മശാന നിർമാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടന്നും പ്രസ്തുത സ്ഥലം പഞ്ചായത്തിന് വിട്ടുകിട്ടുന്ന മുറക്ക് പൊതുശ്മശാനം നിർമിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ടെന്നും കലക്ടർക്ക് വേണ്ടി ഡെപ്യൂട്ടി കലക്ടർ കെ.കെ. ദിവാകരൻ മനുഷ്യാവകാശ കമീഷൻ രജിസ്ട്രാർക്ക് രേഖാമൂലം മറുപടി നൽകി.
കഴിഞ്ഞ സെപ്റ്റംബർ 14ന് മരിച്ച കേളകം പഞ്ചായത്ത് അടക്കാത്തോടിലെ വാളുമുക്ക് കോളനിയിലെ കോടങ്ങാട് രാജുവിന്റെ മൃതദേഹം വീട്ടുമുറ്റത്ത് സംസ്കരിച്ചത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെത്തുടർന്ന് കേസെടുത്ത മനുഷ്യാവകാശ കമീഷൻ ഒക്ടോബർ ഏഴിന് കലക്ടർക്ക് കത്ത് നൽകുകയും തുടർ നടപടികളുടെ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമീഷന്റെ കത്തിനുള്ള മറുപടിയായാണ് കലക്ടർ ഇപ്പോൾ മറുപടി റിപ്പോർട്ട് സമർപ്പിച്ചത്.
‘പൊതുശ്മശാനമില്ല: വീടിന് ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടിൽ ആദിവാസികൾ’ എന്ന തലക്കെട്ടിലാണ് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചത്.
അന്ത്യനിദ്രക്കായി ആറടിമണ്ണിനും ഗതിയില്ലാത്ത നൂറുകണക്കിന് ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ ദൈന്യത വിവരിക്കുന്നതായിരുന്നു വാർത്ത. അടക്കാത്തോട് വാളുമുക്ക് കോളനിയിൽ മരണമടഞ്ഞ കോടങ്ങാട് രാജുവിന്റെ മൃതദേഹം വീട്ടുമുറ്റത്ത് സംസ്കരിച്ചതിനൊപ്പം കോളിനിയിലെ 60 സെന്റ് ഭൂമിയിലുള്ള ഇരുപത്തഞ്ചോളം വീടിനു ചുറ്റും നൂറിലേറെ കുഴിമാടങ്ങളുണ്ടെന്ന വാസ്തവം കോളനിവാസികൾ വിവരിച്ചതും അന്ന് മാധ്യമം വാർത്തയിൽ വിവരിച്ചു. ഇവക്കിടയിൽ ഞെരുങ്ങി അംഗൻവാടി കെട്ടിടവും കിണറുകളും വേറേ. ഒരു വീടിനു ചുറ്റും അഞ്ച് കുഴിമാടങ്ങൾ വരെയുണ്ട്. ഇതുകാരണം വീടൊഴിഞ്ഞ കോളനിവാസികളുമുണ്ട്.
മലയോരത്തെ കോളനികളിൽ ആരെങ്കിലും മരിച്ചാൽ വീട്ടുമുറ്റങ്ങളിലാണ് പലരും അടക്കം ചെയ്യുന്നത്. കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരി, അണുങ്ങോട്, കേളകം പഞ്ചായത്തിലെ അടക്കാത്തോട് വാളുമുക്ക് കോളനികളിൽ വീടുകൾക്കു ചുറ്റും കുഴിമാടങ്ങളാണ്. അടുക്കള പൊളിച്ചുമാറ്റിയിട്ടുപോലും മൃതദേഹങ്ങൾ മറവുചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കോളനിവാസികൾ പറഞ്ഞു. പഞ്ചായത്തുകളിൽ പൊതുശ്മശാനത്തിന് ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. നിലവിൽ വീട്ടുമുറ്റത്തും മറ്റും മൃതദേഹങ്ങൾ സംസ്കരിക്കുന്നത് കുടിവെള്ള സ്രോതസ്സുകൾ മലിനമാകാനും രോഗങ്ങൾ പടരാനും കാരണമാകുമെന്ന അവസ്ഥയും ഉണ്ട്. വാളുമുക്ക് കോളനിയിൽ മുമ്പ് അടുക്കള പൊളിച്ചുപോലും മൃതദേഹം മറവുചെയ്യേണ്ട ഗതികേട് വന്നിരുന്നു.
അത്യന്തം ഗൗരവതരമായ വിഷയത്തിനാണ് ഇപ്പോൾ പരിഹാരമാവുന്നത്. ഈ മാസം 25ന് കണ്ണൂർ ഗെസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമീഷൻ ക്യാമ്പ് സിറ്റിങ്ങിൽ പരിഹാരമുണ്ടാവും. പ്രശ്നത്തിൽ കലക്ടറുടെ മറുപടിയിൽ ആക്ഷേപമുണ്ടെങ്കിൽ രേഖാമൂലം സമർപ്പിക്കാൻ മനുഷ്യാവകാശ കമീഷൻ രജിസ്ട്രാർ ബന്ധപ്പെട്ട വാർത്ത നൽകിയ ‘മാധ്യമം’ റിപ്പോർട്ടർ കെ.എം. അബ്ദുൽ അസീസിനും നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.