ഉരുൾപൊട്ടൽ: ജീവിതം വഴിമുട്ടി കർഷകർ
text_fieldsകണിച്ചാർ: പൂളക്കുറ്റി വെള്ളറയിലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാർഷികവിളകൾ മുഴുവൻ നശിച്ച് ജീവിതം വഴിമുട്ടിയ നിലയിൽ നിടുംപുറംചാലിലെ കർഷകർ. വാഴ, തെങ്ങ്, പ്ലാവ്, റബർ, ജാതി, കശുമാവ്, കൈതച്ചക്ക, കൊക്കോ, കവുങ്ങ്, കുരുമുളക് തുടങ്ങി വർഷങ്ങളായി നട്ടുവളർത്തിയ കാർഷിക വിളകളെല്ലാം ഒറ്റ രാത്രിയിലാണ് തുടച്ചുനീക്കപ്പെട്ടത്. കാഞ്ഞിരപ്പുഴയോരത്ത് താമസിക്കുന്ന ഭൂരിഭാഗം കർഷകർക്കും സർവതും നഷ്ടപ്പെട്ടു. ഉരുൾപൊട്ടൽ മേഖലയിൽ കാർഷികവിളകൾ നശിച്ചവർക്കും, വീടുകൾ നഷ്ടപ്പെട്ടവർക്കും സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചാൽ മാത്രമേ കർഷകർക്ക് പിടിച്ചുനില്ക്കാൻ കഴിയൂ.
പുത്തൻവീട്ടിൽ റെജീഷിന്റെ മൂന്നേക്കർ ഭൂമിയിൽ കൃഷിചെയ്ത പൈനാപ്പിൾ മുഴുവനും ഒലിച്ചുപോയി. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്ത കർഷകരാണ് ഭൂരിഭാഗവും. പലരും ബാങ്ക് വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. നിടുംപുറംചാൽ മഠത്തിന്റെ സ്ഥലത്തും നിടുംപുറംചാൽ ക്രിസ്ത്യൻ പള്ളിയുടെ ഭൂമിയിലും വ്യാപക കൃഷിനാശമുണ്ടായി. പ്രദേശത്തെ നൂറുകണക്കിന് കർഷകർക്ക് വിളനാശം നേരിട്ടു. മുൻകാലങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളിലെ നാശനഷ്ടങ്ങളുടെ ധനസഹായവും മുടങ്ങിയതായി കർഷകർ പറയുന്നു.
ആഗസ്റ്റ് ഒന്നിന് രാത്രി ഉരുൾപൊട്ടലുണ്ടായ കണിച്ചാർ വില്ലേജിൽ 2.74 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് റിപ്പോർട്ട്. 43.4 ഹെക്ടറിൽ 589 കർഷകരുടെ കൃഷി നശിച്ചപ്പോൾ റബ്ബർ കർഷകർക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.