വയനാട് മെഡിക്കൽ കോളജ് നിർമാണം; ജില്ല അതിർത്തിയിൽ ഭൂമി അനുവദിച്ചു
text_fieldsകൊട്ടിയൂർ: വയനാട് മെഡിക്കൽ കോളജ് നിർമാണത്തിനായി ജില്ല അതിർത്തിയുടെ വിളിപ്പാടകലെ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ബോയ്‌സ് ടൗണിൽ ഗ്ലെൻലോവൻ എസ്‌റ്റേറ്റിൽനിന്ന് സർക്കാർ ഏറ്റെടുത്ത 65 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജ് നിർമാണത്തിനായി അനുവദിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഉത്തരവ് ഇറക്കിയത്.
സ്ഥലം ഏറ്റെടുത്ത് ഉത്തരവായതോടെ നിർമാണപ്രവൃത്തികളിലേക്ക് ഉടൻ കടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 308 കോടി 80 ലക്ഷം രൂപയാണ് പദ്ധതിയുടെ എസ്‌റ്റിമേറ്റ്. അക്കാദമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ, കോളജ് സപ്പോർട്ട് സർവിസ് എന്നിവയടങ്ങുന്നതാണ് കെട്ടിടസമുച്ചയം. 2,48,009 സ്ക്വയർ മീറ്റററിലാണ് കെട്ടിടം സജ്ജമാക്കുക. മെഡിക്കൽ കോളജ് യാഥാർഥ്യമാവുന്നത് വയനാടിനൊപ്പം കണ്ണൂർ ജില്ലയിലെ പേരാവൂർ, കണിച്ചാർ, കോളയാട്, കേളകം, കൊട്ടിയൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ഉപകാരപ്പെടും.
നിലവിൽ പ്രദേശത്തെ നൂറുകണക്കിന് രോഗികൾ മാനന്തവാടി ജനറൽ ആശുപത്രിയിൽ ചികിത്സതേടി പോകുന്നുണ്ട്. കണ്ണൂരിന്റെ മലയോരജനതക്ക് കുറഞ്ഞ ദൂരത്തിൽ എത്താവുന്ന മെഡിക്കൽ കോളജാണ് ബോയ്സ് ടൗണിൽ സ്ഥാപിക്കുന്ന വയനാട് ഗവ. മെഡിക്കൽ കോളജ്. കൊട്ടിയൂരിൽനിന്ന് ഇരുപതും കേളകത്തുനിന്നും 27ഉം പേരാവൂരിൽനിന്ന് മുപ്പതും ആറളം, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിൽനിന്ന് എളുപ്പത്തിലെത്താവുന്ന വിദഗ്ധ ചികിത്സാകേന്ദ്രമെന്നതാണ് കണ്ണൂരിന്റെ മലയോരജനതയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.