ഉരുൾപൊട്ടൽ; ജലബോംബ് ഭീഷണി പരിഹരിക്കാൻ നടപടി തുടങ്ങി
text_fieldsകേളകം: കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ മേഖലയിലെ 27ാം മൈൽ ക്വാറിയിലെ തടാകസമാനമായ ജലബോംബ് ഭീഷണി പരിഹരിക്കാൻ അധികൃതർ നടപടി തുടങ്ങി. 27ാം മൈൽ ക്വാറിക്കുള്ളിലെ തടാകസമാനമായ വെള്ളക്കെട്ട് ജലബോംബാണെന്നും ഇത് പൊട്ടിയാൽ താഴ്വാരത്തെ പ്രദേശങ്ങൾ ഇല്ലാതായി വൻ ദുരന്തമുണ്ടാവുമെന്നും നാട്ടുകാർ കാലങ്ങളായി പരാതിപ്പെട്ടിരുന്നു.
ഉരുൾപൊട്ടൽ, ദുരിതബാധിത മേഖലയിലെത്തിയ മന്ത്രി എം.വി. ഗോവിന്ദനോടും നാട്ടുകാർ ക്വാറിക്കെതിരെ പരാതിപ്പെട്ടതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം തടഞ്ഞു. ജലബോംബായി ക്വാറിയിലെ ജലാശയം എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പ്രവർത്തനം തടഞ്ഞ പാറമട പ്രദേശങ്ങളിൽ ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആൻറണി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വൻതോതിൽ വെള്ളം കെട്ടിക്കിടക്കുന്ന 27ാം മൈലിലെ 'ശ്രീലക്ഷ്മി' പാറമടയിൽ നിന്നും വെള്ളം പമ്പുചെയ്തു കളയാൻ അധികൃതർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. അടുത്ത ദിവസം തന്നെ പഞ്ചായത്ത് യോഗം ചേർന്ന് ഈ പാറമടയിൽ രണ്ടു തോടുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ കോൺക്രീറ്റ് പൈപ്പുകൾ നീക്കം ചെയ്ത് തോടുകളെ പൂർവസ്ഥിതിയിലാക്കാൻ നോട്ടീസ് നൽകുമെന്ന് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.
തഹസിൽദാർ ഇടപെട്ട് നിലവിൽ പ്രദേശത്തെ ക്വാറികള്‍ നിർത്തി വെച്ചിരിക്കുകയാണെന്നും തടസ്സങ്ങൾ മറികടന്ന് ഖനനം മുന്നോട്ടുകൊണ്ടുപോയാൽ ഉണ്ടാവുക വലിയ വിപത്തായിരിക്കുമെന്നും നിയമപരമായും ജനകീയമായും ഇടപെട്ട് ക്വാറികളുടെ പ്രവർത്തനം ശാശ്വതമായി തടഞ്ഞില്ലെങ്കിൽ ഇപ്പോൾ വന്നതിനേക്കാൾ വലിയ ദുരന്തം ഭാവിയിൽ ഉണ്ടാകാനിടയുണ്ടെന്നും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. 27ാം മൈലിനു സമീപം കണ്ണവം വനത്തിൽനിന്നും വലിയ ഉരുൾപൊട്ടിയാണ് നിടുംപൊയിൽ ചുരം റോഡിൽ ഗതാഗത തടസ്സമുണ്ടായതും റോഡ് തകർന്നതും. ഇവിടെ പൂളക്കുറ്റിയിൽ വെള്ളറയിലുണ്ടായ ഉരുൾപൊട്ടലിൽ മണാലി ചന്ദ്രൻ (55), അരുവിക്കൽ രാജേഷ് (40) എന്നിവർ മരിച്ചിരുന്നു. ഈ ഉരുൾപൊട്ടലുകളുണ്ടായത് 27ാം മൈൽ ക്വാറിയിൽ നിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ്.
പ്രദേശത്തായി നിരവധി മണ്ണിടിച്ചിലുകളുമുണ്ടായി. 27ാം മൈൽ ക്വാറിയിൽ കരിങ്കൽ പൊട്ടിച്ചെടുത്തുണ്ടായ വലിയ തടാകസമാനമായ ജലാശയം മലമുകളിൽ വെള്ളത്തെ തടഞ്ഞുനിർത്തി അപകട സാധ്യത വർധിപ്പിക്കുകയാണ്. ഇതാണ് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തത്. കൂടാതെ ഇതേ ക്വാറിയിൽ തന്നെ മാലിന്യങ്ങളും മണ്ണും നിക്ഷേപിച്ച് വലിയ കുഴി കുളംപോലെ രൂപപ്പെട്ടിട്ടുണ്ടെന്നും കണ്ണവം വനത്തിന്റെ നിടുംപൊയിൽ സെക്ഷൻ വനത്തിൽനിന്നും ഒഴുകി വരുന്ന തോട് ക്വാറി പ്രദേശത്ത് കോൺക്രീറ്റ് കുഴലിലൂടെയുമാണ് പുറത്തേക്കൊഴുകുന്നത്. ഈ പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് റവന്യൂ-പഞ്ചായത്ത് വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടിക്ക് തുടക്കമിട്ടത്. ഏതുവിധേനയും പ്രദേശത്തെ ക്വാറികളുടെ പ്രവർത്തനം ശാശ്വതമായി തടയാനാണ് നാട്ടുകാരുടെ ഏകോപിച്ചുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.