മലയോരത്തെ ഉരുൾപൊട്ടൽ; ശാസ്ത്രീയ പഠനം വേണമെന്ന് കെ. സുധാകരൻ
text_fieldsകേളകം: ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ശാസ്ത്രീയപഠനം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. തകർന്ന റോഡുകൾ എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉരുൾ പൊട്ടലിൽ ദുരന്തഭൂമിയായി മാറിയ പൂളക്കുറ്റി, നെടപുറംച്ചാൽ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. നെടുംപൊയിൽ ടൗണിൽ വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾ, ഉരുൾപൊട്ടലുണ്ടായ കോളയാട് പഞ്ചായത്തിലെ ചെക്യേരി കോളനിയിലെ ദുരിതാശ്വാസ ക്യാമ്പ്, നെടുംപൊയിൽ - മാനന്തവാടി അന്തർ സംസ്ഥാനപാതയിൽ ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്ടങ്ങൾ, മേലെ വെള്ളറയിലെ ഒരു ജീവനെടുത്ത ഉരുൾപൊട്ടൽ പ്രദേശം എന്നിവിടങ്ങളിലും സന്ദർശിച്ചു.
ഉരുൾപൊട്ടലിൽ തകർന്ന മേലെ വെള്ളറ കോളനി റോഡ് പുനർനിർമിക്കാനാവശ്യമായ നടപടികൾ ചെയ്യാമെന്ന് ഉറപ്പുനൽകി. മലവെള്ളപ്പാച്ചിലിൽ കുരുന്നിന്റെ ജീവൻ നഷ്ടപ്പെട്ട നെടുംപുറംച്ചാൽ കുടുംബക്ഷമ കേന്ദ്രവും സന്ദർശിച്ചു. ഉരുൾപൊട്ടലിൽ തകർന്ന കേളകം പഞ്ചായത്തിലെ കണ്ടംതോട്, ഭൂമി വിണ്ടുകീറിയ കൈലാസംപടിയും സന്ദർശിച്ചു. എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ല പഞ്ചായത്തംഗം ജൂബിലി ചാക്കോ, ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് പ്രസിഡന്റുമാരായ സുരേഷ് ചാലാറത്ത്, തോമസ് വർഗീസ്, രാജു ജോസഫ്, സന്തോഷ് മണ്ണാറുകുളം തുടങ്ങിയവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.