ലൈഫ് മിഷൻ: ജില്ലയിലെ നാല് ഭവന സമുച്ചയങ്ങള്‍ക്ക് തറക്കല്ലിട്ടു
text_fieldsകണ്ണൂർ: ലൈഫ് മിഷൻ ജില്ലയിൽ നിർമിക്കുന്ന നാല് ഭവന സമുച്ചയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു.ആരോപണങ്ങൾ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലും ചിറക്കല്‍, കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രീഫാബ് സാങ്കേതിക വിദ്യയില്‍ ഫ്ലാറ്റുകള്‍ നിർമിക്കുന്നത്. ആന്തൂര്‍, പയ്യന്നൂര്‍ നഗരസഭകളില്‍ 44 വീടുകളും ചിറക്കല്‍ പഞ്ചായത്തില്‍ 36 വീടുകളും കണ്ണപുരത്ത് 32 വീടുകളും അടങ്ങിയ ഭവന സമുച്ചയങ്ങളാണ് നിർമിക്കുന്നത്.
ആന്തൂരില്‍ 200 സെൻറ് സ്ഥലത്ത് 6.03 കോടി രൂപ ചെലവിലും പയ്യന്നൂരില്‍ 80 സെൻറ് സ്ഥലത്ത് 6.07 കോടി രൂപ ചെലവിലും ചിറക്കലില്‍ 45 സെൻറ് സ്ഥലത്ത് 5.12 കോടി രൂപ ചെലവിലും കണ്ണപുരത്ത് 70 സെൻറ് സ്ഥലത്ത് 4.83 കോടി രൂപ ചെലവിലുമാണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. നാല് നിലകളിലായി നിര്‍മിക്കുന്ന ഫ്ലാറ്റുകളില്‍ വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍, വയോജനങ്ങള്‍ക്ക് പ്രത്യേക സൗകര്യം, ചികിത്സ സൗകര്യം തുടങ്ങിയവ ഒരുക്കും.
തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്,രാമചന്ദ്രന് കടന്നപ്പള്ളി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ശാരദ മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു. ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ നടന്ന പരിപാടിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ശിലാഫലകം അനാച്ഛാദനം ചെയ്തു.
കോറോം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ സി. കൃഷ്ണന് എം.എല്‍.എയും കണ്ണപുരം ചുണ്ട ബഡ്സ് സ്കൂളില്‍ ടി.വി. രാജേഷ് എം.എല്‍.എയും ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല പഞ്ചായത്തംഗങ്ങളായ അജിത് മാട്ടൂല്‍, കെ. ഗൗരി, പി.പി. ഷാജര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവന്‍ പത്മനാഭന്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, പയ്യന്നൂര്‍ നഗരസഭാധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.വി. രാമകൃഷ്ണന് (കണ്ണപുരം), എ. സോമന് (ചിറക്കല്‍),
ലൈഫ് ജില്ല മിഷന് കോഓഡിനേറ്റര്‍ കെ.എന്‍. അനില്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.