അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മിന്നൽ പരിശോധന; 2.12 ലക്ഷം രൂപ പിഴ
text_fieldsഇരിട്ടി: അനധികൃത ചെങ്കൽ ഖനനത്തിനെതിരെ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പടിയൂർ പഞ്ചായത്ത് കല്ല്യാട് വില്ലേജിലെ ഊരത്തൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ലോറികളും അഞ്ച് കല്ല് വെട്ട് യന്ത്രങ്ങളും രണ്ട് കല്ല് തട്ട് യന്ത്രങ്ങളും പിടിച്ചെടുത്തു. 2.12 ലക്ഷം രൂപ പിഴയീടാക്കി. -
ക്ഷേത്രത്തിന്റെ അധീനതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലായിരുന്ന ഖനനം നടത്തിയിരുന്നത്. ഖനനത്തിന് ജിയോളജിയുടെ അനുമതി ഉണ്ടായിരുന്നില്ല. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഇരിട്ടി ഭൂരേഖാ തഹസിൽദാർ എം. ലക്ഷ്മണൻ, അസി. ജിയോളജിസ്റ്റ് കെ. റഷീദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് അസി. ഡയരക്ടറും ഇന്റേണൽ വിജിലൻസ് ഓഫിസറുമായ വി.വി. രത്നാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മലയോര മേഖലയിൽ അനധികൃതമായി ചെങ്കൽ ഖനനം വ്യാപകമാണ്. അഞ്ചോ പത്തോ സെന്റ് സ്ഥലത്ത് ഖനനത്തിന് ജിയോളജിയിൽ നിന്നും ലഭിക്കുന്ന അനുമതി ഉപയോഗിച്ച് ഏക്കറുകളോളം സ്ഥലം തുരന്നെടുക്കുകയാണ്. ജില്ലയുടെ മലയോര ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളായ കാസർകോട്, വയനാട് കോഴിക്കോട് എന്നിവിടങ്ങളിലേക്കും കർണാടകയുടെ കുടക് ജില്ലയിലേക്ക് ചെങ്കല്ലുകൾ കടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.