കണ്ടൽകാടുകളിൽ മാലിന്യം തള്ളൽ; നടപടിയുമായി എൻഫോഴ്സ്മെൻറ് സ്ക്വാഡ്
text_fieldsകണ്ണൂർ: കണ്ടൽക്കാടുകളിൽ മാലിന്യം തള്ളൽ പതിവാകുന്നു. പഴയങ്ങാടി, പാപ്പിനിശ്ശേരി, തലശ്ശേരി, പയ്യന്നൂർ, എടക്കാട് ഭാഗങ്ങളിലെല്ലാം മാലിന്യം തള്ളൽ വ്യാപകമാണ്. വീടുകളിലെയും കടകളിലെയും മാലിന്യത്തിന് പുറമെ വിവാഹ വീടുകളിലെയും ഭക്ഷണാവശിഷ്ടങ്ങളടക്കം കണ്ടൽക്കാടുകളിൽ തള്ളുന്നുണ്ട്. അറവുമാലിന്യം തള്ളുന്നതിനാൽ മൂക്കുപൊത്തിവേണം കണ്ടൽക്കാടുകളുടെ സമീപത്തുകൂടി നടക്കാൻ.
ശുചിത്വ മാലിന്യ സംസ്കരണരംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ കണ്ടൽക്കാടുകളിൽ വലിയ തോതിൽ മാലിന്യം തള്ളുന്നതായി കണ്ടെത്തി. ദേശീയ പാതയുടെ പ്രവൃത്തി ഏറ്റെടുത്ത വിശ്വസമുദ്ര ലിമിറ്റഡ് മലിന ജലമുൾപ്പെടെ ജൈവ -അജൈവ മാലിന്യങ്ങൾ വൻതോതിൽ പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകളിൽ നിക്ഷേപിക്കുന്നതായി സ്ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് പിഴ ചുമത്തി കർശന നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ട്.
പാപ്പിനിശ്ശേരിയിലെ രാജരാജൻ കോംപ്ലക്സ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കോംപ്ലക്സിനോട് ചേർന്നുള്ള വെള്ളകെട്ടിലേക്ക് തള്ളുന്നതായും കത്തിക്കുന്നതായും സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോംപ്ലക്സ് ഉടമക്കും ഇവിടെ പ്രവർത്തിക്കുന്ന കൺസ്യൂമർ ഫെഡിന്റെ ബിവറേജ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്താനും നടപടി സ്വീകരിക്കാനും ജില്ല എൻഫോഴ്സ്മെൻറ് സംഘം കർശന നിർദേശം നൽകി. പാപ്പിനിശേരി കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരത്തിൽ നിരോധിത ഉൽപ്പന്നമായ കുപ്പിവെള്ളം നൽകിയ വിവാഹ പാർട്ടിക്കെതിരെയും നടപടി സ്വീകരിക്കുന്നതിനും പഞ്ചായത്തിന് നിർദേശം നൽകി. സ്വീകരിച്ച നടപടികൾ ഏഴ് ദിവസത്തിനകം എൻഫോഴ്സ്മെൻറ് ജില്ല സെക്രട്ടറിയേറ്റിന് സമർപ്പിക്കണം. വരും ദിവസങ്ങളിലും കണ്ടൽക്കാടുകളിൽ അടക്കം പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെൻറ് സ്ക്വാഡ് അറിയിച്ചു.
ടീം ലീഡർ എം.വി. സുമേഷ്, അംഗങ്ങളായ കെ. സിറാജുദ്ധീൻ, നിതിൻ വത്സലൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.