ഓണാഘോഷം ഡിജിറ്റലാക്കാൻ ലിറ്റില്‍ കൈറ്റ്സ് സ്കൂള്‍ ക്യാമ്പുകള്‍
text_fieldsകണ്ണൂർ: ഓണാഘോഷം ഡിജിറ്റലാക്കാൻ ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകളുടെ ഈ വർഷത്തെ സ്കൂൾ ക്യാമ്പുകൾ. വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് ക്യാമ്പ്. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് യൂനിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സ്ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ്വെയറിൽ തയാറാക്കിയ റിഥം കമ്പോസര്‍ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളമൊരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയാറാക്കൽ, സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്വെയറായ ഓപൻ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വിഡിയോകൾ തയാറാക്കൽ എന്നിവയാണ് യൂനിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.
ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഓരോ ക്യാമ്പംഗവും അസൈന്മെന്റ് തയാറാക്കി സമര്‍പ്പിക്കും. ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച വിദ്യാർഥികളെ നവംബറില്‍ നടക്കുന്ന ഉപജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.
ഉപജില്ല ക്യാമ്പില്‍ അനിമേഷന്‍, പ്രോഗ്രാമിങ് മേഖലകളില്‍ പ്രവര്‍ത്തനങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ 146 വിദ്യാലയങ്ങളിൽനിന്നായി 4,780 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. 85 അധ്യാപകർക്ക് ക്യാമ്പ് ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം നൽകി. ജില്ലയില്‍ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ നിന്നായി 19,295 കുട്ടികള്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.