പൊന്നിൽ എരിഞ്ഞ ജീവിതങ്ങൾ -'മാധ്യമം' പരമ്പര
text_fieldsചോരയും നീരുമുള്ള പച്ചമനുഷ്യരെ പട്ടാപ്പകൽ പിടിച്ചുകൊണ്ടുപോകുക. വിജനമായ സ്ഥലത്തെ തടങ്കലിലിട്ട് നീണ്ട 'വിചാരണ'ക്കൊടുവിൽ കൊന്ന് വഴിയിൽ തള്ളുക. ഇങ്ങനെയാക്കെ ചെയ്താൽ എന്ത് സംഭവിക്കും?. നാടാകെ അന്ധാളിച്ച് നിൽക്കും. രാഷ്ട്രീയപാർട്ടികളും സംഘടനകളും പ്രതിഷേധവുമായി വരും. അന്വേഷണത്തിന് പ്രത്യേക സമിതിയുണ്ടാക്കും. കുറേപേർ പിടിയിലാവും. കുറേപേർ ഒളിവിൽ പോകും. എല്ലാവരെയും ഉടൻ പിടികൂടുമെന്ന പ്രഖ്യാപനം ആവർത്തിക്കും. പിന്നെ പിന്നെ... എല്ലാം പഴയപടിയാവും. നമുക്ക് പരിചിതമായ ഈ രീതിയുടെ തനിയാവർത്തനമാണ് ഇപ്പോഴും.
കാസർകോട് ജില്ലയിൽ ഏറ്റവും ഒടുവിൽ നടന്ന തട്ടിക്കൊണ്ടുപോയി നടന്ന കൊലപാതകത്തിന്റെ അവസ്ഥയും മറിച്ചല്ല. പുത്തിഗെ മുഗുറോഡിലെ നസീമ മൻസിലിൽ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്തിട്ട് നാലുമാസം പിന്നിട്ടു. ആകെ അറസ്റ്റിലായത് ആറുപേർ. പ്രധാന പ്രതികളെല്ലാം സുരക്ഷിതർ. പിതാവിനെ നഷ്ടപ്പെട്ട മകൾ, മകനെ നഷ്ടപ്പെട്ട മാതാവ്, പ്രിയതമനെ നഷ്ടപ്പെട്ട ഭാര്യ... ഇങ്ങനെ നീളുന്ന വലിയൊരു പട്ടിക. അവർ നീതി കാത്തിരിക്കുകയാണ്.
കൊലപാതകം നടന്ന സ്ഥലത്ത് കണ്ട അബൂബക്കർ സിദ്ദീഖിന്റെ ഷൂ
ആഴ്ചകൾക്കു മുമ്പായിരുന്നു ആ പിറന്നാൾദിനം. വീട്ടിലെ കൊച്ചനിയന്റെ മകളുടെ ആദ്യ ജന്മദിനം. ചെറിയൊരു സമ്മാനവുമായി പൊന്നുമോളുടെ അടുത്തേക്ക് പോയവർ. കണ്ണീർചാലുകൾ തീർത്ത മുഖം മോളറിയാതിരിക്കാൻ അവരേറെ പാടുപെട്ടു. അക്കൂട്ടത്തിലും ആ ഒരുവയസ്സുകാരി ഒരാളെ തിരഞ്ഞുകൊണ്ടിരുന്നു.
തന്റെ പ്രിയപ്പെട്ട ഉപ്പയെ. എന്നും മനസ്സിൽ തെളിയുന്ന ആ മുഖമെവിടെയെന്ന് ചോദിക്കാനറിയില്ല. നാലുമാസം മുമ്പാണ് പിതാവിനെ അവസാനമായവൾ കണ്ടത്. ഗൾഫിൽനിന്ന് തിരക്കിട്ട് വന്ന് മണിക്കൂറുകൾക്കകം സുഹൃത്തുക്കളെ തേടിപ്പോയതാണ്...
കാസർകോട് പുത്തിഗെ മുഗുറോഡിലെ നസീമ മൻസിലിൽ അബൂബക്കർ സിദ്ദീഖിന്റെ ഏകമകളുടെ പിറന്നാൾ ദിന വിശേഷങ്ങളാണ് പറഞ്ഞുവരുന്നത്. ഇക്കഴിഞ്ഞ ജൂൺ 26ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയതാണ് സിദ്ദീഖിനെ.
കൊന്നവരും കൊല്ലാൻ ഏർപ്പാടാക്കിയവരുമായി ഒന്നര ഡസനിലേറെ പ്രതികളുണ്ടെന്നാണ് കണക്ക്. ഇവരിൽ ആറുപേരൊഴികെ എല്ലാവരും സുരക്ഷിത താവളത്തിൽ. കുറേ പേർ ഗൾഫിലെത്തി. മറ്റു ചിലർ എവിടെയെന്ന് ആർക്കുമറിയില്ല.
സ്വന്തമെന്നും അടുപ്പക്കാരെന്നും കരുതിയവരാണ് മരണക്കയത്തിലേക്ക് തള്ളിയിട്ടത്. സങ്കടങ്ങൾക്കപ്പുറം മകനെ കുരുതികൊടുത്തവർക്ക് ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇത് അബൂബക്കർ സിദ്ദീഖിന്റെ മാത്രം കഥയല്ല. സ്വർണക്കടത്തുകാരുടെ ക്വട്ടേഷൻ സംഘം കൊന്നുതള്ളിയ ജീവിതങ്ങളിൽ ഒന്നുമാത്രം.
ദുബൈയിൽ ബിസിനസുകാരനായ സിദ്ദീഖ് നാട്ടിൽ അവധിക്ക് വന്ന് കഴിഞ്ഞ ജൂൺ 16നാണ് തിരിച്ചുപോയത്. കൃത്യം പത്താം നാളിൽ ഈ 31കാരൻ വീണ്ടും നാട്ടിലെത്തി.
ചില സാമ്പത്തിക ഇടപാടുകൾ പറഞ്ഞുതീർക്കാൻ ഉടൻ വരണമെന്ന സുഹൃത്തുക്കളുടെ നിബന്ധനയിലായിരുന്നു പൊടുന്നനെയുള്ള വരവ്. വന്നില്ലെങ്കിൽ ജ്യേഷ്ഠൻ അൻവറിനും സുഹൃത്ത് അൻസാരിക്കും എന്തു സംഭവിക്കുമെന്ന ആശങ്കയുമുണ്ട്. ഇരുവരും അവരുടെ കസ്റ്റഡിയിലാണ്.
ജൂൺ 26 ഞായറാഴ്ച രാവിലെയാണ് സിദ്ദീഖ് വീട്ടിലെത്തിയത്. വീട്ടുകാർക്കും കണ്ടു കൊതി തീരാത്ത മകൾക്കുമൊപ്പം അൽപനേരം ചെലവഴിച്ച് ഉച്ചക്ക് പൈവളികെയിലേക്ക് കുതിച്ചു. ദുബൈയിലേക്ക് കൊടുത്തുവിട്ട 'സാധനം' കിട്ടാത്ത കാര്യം സംസാരിച്ചുതീർക്കാനാണ് പോവുന്നതെന്നും നിരപരാധിയായതിനാൽ പേടിക്കാനൊന്നുമില്ലല്ലോ എന്നൊക്കെ സഹോദരനോട് പറഞ്ഞായിരുന്നു ആ ഇറക്കം. പൈവളികയിൽ കാത്തിരുന്നവർക്കൊപ്പം യുവാവ് കാറിൽ കയറിപ്പോകുന്നു. രാത്രി ഏഴിന് ആ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിച്ച് അജ്ഞാത സംഘം കാറിൽ രക്ഷപ്പെട്ടുവെന്ന വിവരം. കാട്ടുതീ പോലെയാണ് നാട് ആ വിവരം ശ്രവിച്ചത്. ക്വട്ടേഷൻ സംഘം വകവരുത്തിയതാണെന്നും പിന്നിൽ കള്ളക്കടത്ത് ടീമാണെന്നും പിന്നാലെ വിവരം ലഭിക്കുന്നു.
ആ ബാഗിലായിരുന്നു മരണ വാറന്റ്
ദുബൈയിലിരിക്കെ ദിവസങ്ങൾക്ക് മുമ്പ് കൈപ്പറ്റിയ ആ ബാഗിൽ തനിക്കുള്ള മരണ വാറന്റ് ആണെന്ന് സിദ്ദീഖ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. നാട്ടിൽനിന്ന് എത്തിച്ച ബാഗ് കൈപ്പറ്റുന്നു. ബന്ധപ്പെട്ടവർക്ക് കൈമാറുന്നു. ഇത്രമാത്രമാണ് ഈ യുവാവ് ചെയ്തത്. ദുബൈയിൽ മൊബൈൽ ഫോൺ ഷോപ്പ് ഉടമയാണ് സിദ്ദീഖ്.
പരിചയക്കാർ ഏൽപ്പിക്കുന്ന പർദയും പ്രോട്ടീനും ടീഷർട്ടുമെല്ലാം നാട്ടിലേക്ക് പോവുന്നവർ വശം ഏൽപ്പിക്കുന്ന പണിയും ചെയ്യുന്നു. കൊണ്ടുപോകുന്നവർക്കും ഇടനിലക്കാരനായി നിൽക്കുന്ന സിദ്ദീഖിനും ചെറിയ പ്രതിഫലം ലഭിക്കുന്ന ഒരേർപ്പാട്.
നാട്ടിൽനിന്ന് വരുന്നവരെയും തിരിച്ച് പോവുന്നവരെയും കുറിച്ച് ധാരണ വേണമെന്നാണ് ഈ ജോലിക്ക് ആകെ വേണ്ട നിബന്ധന. സാധനങ്ങൾ ബന്ധപ്പെട്ടവരുടെ കൈവശം എത്തിക്കാൻ ജ്യേഷ്ഠൻ അൻവറും ഇടക്ക് പോകും.
പതിവുപോലെ സിദ്ദീഖിന്റെ വിളി ഒരിക്കൽ ജ്യേഷ്ഠൻ അൻവറിന് വന്നു. 'ഉപ്പളയിൽനിന്ന് ഒരാൾ ബാഗ് ഏൽപ്പിക്കും. അത് വാങ്ങി ഉടൻ എത്തിക്കണം'. ബാഗ് ഏറ്റുവാങ്ങാൻ അൻവറും സുഹൃത്തും ഉപ്പളയിലെത്തി ബാഗ് കൈപ്പറ്റി. ജൂൺ 18 വൈകീട്ട് ഏഴ്. പിറ്റേന്ന് ബാഗുമായി അൻസാരി ദുബൈയിലേക്ക് പറന്നു. ബാഗ് സിദ്ദീഖിനെ ഏൽപ്പിക്കുന്നു. സിദ്ദീഖ് അത് ഉടമസ്ഥരെ ഏൽപ്പിക്കുന്നു. മണിക്കൂറുകൾക്കകം ആ വിവരമെത്തി. ബാഗിൽ ഡോളറില്ലെന്ന്.
ഡോളറായിരുന്നുവത്രെ ബാഗിൽ. ബാഗ് പൊട്ടിച്ചില്ലെന്നും ഏൽപ്പിച്ചപോലെ നൽകുകയാണ് ഉണ്ടായതെന്നും സിദ്ദീഖ് ഉറപ്പിച്ചു പറഞ്ഞു. ബാഗ് കൊടുത്തുവിട്ടവനും കൈപ്പറ്റിയവനും സിദ്ദീഖിന്റെ വാദം തള്ളി.
ദിവസങ്ങൾക്കുശേഷം ചിലരുടെ വിളി അൻസാരിക്ക് വരുന്നു. പൈവളികെയിൽ എത്തണം. ബാഗ് കാര്യം സംസാരിക്കാനുണ്ട്. ജൂൺ 24 വെള്ളിയാഴ്ച ഉച്ചക്കുശേഷം അൻവറും അൻസാരിയും പൈവളികെ ജങ്ഷനിൽ എത്തി. കാത്തിരുന്ന സംഘം അൻവറിനെയും അൻസാരിയേയും ഇരു കാറുകളിലായി കൊണ്ടു പോകുന്നു.
വിജനമായ സ്ഥലത്തെ ഇരുനില വീടുകളിലെത്തിച്ചു. അവിടെ കുറച്ചുപേർ കാത്തിരിക്കുന്നു. അൻവറിനെ താഴത്തെ നിലയിലെ മുറിയിലും അൻസാരിയെ മുകളിലെ റൂമിലേക്കും മാറ്റി. എന്തിനും പോന്നയാളുകൾക്കു മുന്നിലാണ് രണ്ടുപേരും. അവിടെ കണ്ട കാഴ്ചകളെല്ലാം ഇരുവരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അക്കാര്യം നാളെ.
തുടരും...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.