പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ പിടയുന്ന ജീവനുകൾ
text_fieldsകണ്ണൂർ: ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവൻ നഷ്ടമാകാൻ. ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനുമിടെ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽവീണ് അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് കണ്ണൂർ-എറണാകുളം ഇന്റർസിറ്റിയിൽ കയറുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ച ഞെട്ടലിലാണ് കണ്ണൂർ.
നാറാത്ത് സ്വദേശി കാസിമാണ് ട്രാക്കിനും വണ്ടിക്കും ഇടയിൽ കുടുങ്ങി മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവ് വീണ് ട്രെയിനിനടിയിൽപെട്ട് മരിച്ചിട്ട് രണ്ടര മാസം പൂർത്തിയാവുന്നതിനിടയിലാണ് ജില്ലയിൽ വീണ്ടുമൊരു മരണം. ഒക്ടോബർ രണ്ടിന് രാവിലെ 10.50ന് കോയമ്പത്തൂർ– മംഗളൂരു എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറിയ യുവാവ് ട്രെയിനിന് അടിയിൽപെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.
ചായക്കപ്പും മൊബൈൽ ഫോണും ഒക്കെയുമായി അശ്രദ്ധമായി വണ്ടിയിൽ കയറുമ്പോൾ വീഴാനുള്ള സാധ്യതയേറെയാണ്. ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അപകടത്തിൽപ്പെട്ട സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ യാത്രക്കാരുടെ അശ്രദ്ധ വ്യക്തമാണ്. യാത്രക്കാരുടെ സുരക്ഷക്കായി പ്ലാറ്റ്ഫോമിൽ ആർ.പി.എഫിന്റെ സേവനം ലഭ്യമാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് മിക്ക അപകടങ്ങളും. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ജീവൻ തിരിച്ചുകിട്ടിയവർ ഏറെയാണ്.
നവംബർ മൂന്നിന് കണ്ണൂരിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ വിദ്യാർഥിനി ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. മംഗളൂരു യാത്രക്കിടെ ഇരിട്ടി കിളിയന്തറ സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിക്കാണ് വീണ് പരിക്കേറ്റത്. ഒന്നാം പ്ലാറ്റ്ഫോമിലെ കടയിൽ ബിസ്കറ്റ് വാങ്ങുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി സ്ലീപ്പർ കമ്പാർട്ട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന പലഹാര വിൽപനക്കാരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും ശബ്ദമുണ്ടാക്കി ട്രെയിൻ നിർത്തിച്ചാണ് രക്ഷിച്ചത്.
സെപ്റ്റബർ 26ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ കാല് വഴുതി പുറത്തേക്ക് വീണ വയോധികന് രക്ഷകനായത് ഒരു പൊലീസുകാരനാണ്. ചായ വാങ്ങാനായി പുറത്തിറങ്ങിയ വയോധികന് ട്രെയിന്‍ നീങ്ങി തുടങ്ങിയതോടെ ചായക്കപ്പുമായി ഓടിക്കയറിയെങ്കിലും പിടിവിട്ട് പിന്നോട്ടേക്ക് മറിഞ്ഞു. സമീപമുണ്ടായിരുന്ന പൊലീസുകാരൻ അദ്ദേഹത്തെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടുകയായിരുന്നു.
മാർച്ചിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽപനക്കിടെ ഷറഫുദ്ദീൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽവീണ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചായ വിൽപനക്കിടെ പ്ലാറ്റ്ഫോമിലെ ഇളകിക്കിടന്ന ടൈലിൽ തടഞ്ഞ് ഷറഫുദ്ദീൻ ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. ചീറിപ്പാഞ്ഞ ട്രെയിനിന് അടിയിൽ അനങ്ങാതെ കിടന്നാണ് ഷറഫുദ്ദീൻ രക്ഷപ്പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കാറുണ്ട്. എങ്കിലും അശ്രദ്ധയോടെ ഫോൺ ചെയ്തും സുഹൃത്തുക്കളോട് സംസാരിച്ചും ട്രെയിനിൽ ഓടിക്കയറുന്നവർ ഏറെയാണ്.
റീൽസ് കാലനാവും
ട്രെയിനിൽ സാഹസിക യാത്ര നടത്തുന്നവർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി ഇത്തരം യാത്രകളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ വീണു മരിച്ചവരും ഗുരുതരമായി പരിക്കേറ്റവരും അവയവ നഷ്ടം സംഭവിച്ചവരുമുണ്ട്. റീൽസ് ചിത്രീകരിക്കാനായി ട്രെയിനിന്റെ ചവിട്ടുപടിയിൽ യാത്രചെയ്യുന്നവരും ഓടുന്ന വണ്ടിയിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങുകയും ഓടിക്കയറുകയും ചെയ്യുന്നവരും അപകടം ക്ഷണിച്ചുവരുത്തുകയാണ്. വിദ്യാർഥികളാണ് ഇത്തരം റീൽസ് അപകടങ്ങളിൽ പെടുന്നതെന്ന് റെയിൽവേ പൊലീസ് പറയുന്നു.
അതിവേഗത്തിൽ പായുന്ന ട്രെയിനിന്റെ വാതിലിനരികിൽനിന്ന് പെൺകുട്ടികളടക്കം വിഡിയോ ചിത്രീകരിക്കുന്നതും വർധിച്ചിട്ടുണ്ട്. റെയിൽ പാളത്തിൽ ഫോട്ടോയും വിഡിയോയും എടുക്കുന്നതിനിടയിലെ അപകടങ്ങളും ഏറെയാണ്. 2022ൽ മൂന്നാഴ്ചക്കിടെ കണ്ണൂരിൽ വിദ്യാർഥിനിയടക്കം മൂന്നുപേർ പാളംകടക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.