തദ്ദേശ തെരഞ്ഞെടുപ്പ് ഇവിടെ 'പടിക്കുപുറത്താ'ണ്
text_fieldsകണ്ണൂർ: ജില്ലയിലെ ഒരു കൊച്ചുപ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം 'പടിക്ക് പുറത്താ'ണ്. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ഇവിടെയുള്ളവർക്ക് വോട്ടവകാശമുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുമാത്രം ഇവർക്ക് ബാധകമല്ല. സംസ്ഥാനത്തെ തന്നെ ഏക കേൻറാൺമെൻറ് പ്രദേശമായ കണ്ണൂർ കേൻറാൺമെൻറാണത്. നഗരത്തിനുള്ളിൽ തന്നെയാണ് കേന്ദ്രസർക്കാറിന് കീഴിലുള്ള കണ്ണൂർ കേൻറാൺമെൻറ് പ്രദേശം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായി കേൻറാൺമെൻറ് ബോർഡിനുള്ളത് പ്രാദേശിക സ്വയം ഭരണാധികാരമാണ്. കണ്ണൂര്‍ നഗരസഭയുടെ ഭാഗമായിരുന്ന ബര്‍ണശ്ശേരിയെ വേര്‍പെടുത്തി 1938 ജനുവരി ഒന്നിനാണ് കണ്ണൂര്‍ കേൻറാണ്‍മെൻറ് രൂപവത്കരിച്ചത്. എക്‌സിക്യൂട്ടിവ് ഓഫിസർക്കാണ് പ്രദേശത്തിെൻറ ഭരണ ചുമതല. സ്വാതന്ത്ര്യത്തിനു ശേഷം പ്രദേശം തീർത്തും സൈന്യത്തിെൻറ നിയന്ത്രണത്തിലാണ്. ജില്ലയിലെതന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കണ്ണൂർ സെൻറ് ആഞ്ചലോസ് കോട്ട കേൻറാൺമെൻറിന് കീഴിലാണ് വരുക. പയ്യാമ്പലം ബീച്ചിെൻറ ഒരുഭാഗവും സെൻറ് ആഞ്ചലോസ് കോട്ടയും ഉള്‍പ്പെടുന്നതിനാല്‍ നഗര മധ്യത്തിലെ വിലപിടിപ്പുള്ള ഭൂമി കേൻറാൺമെൻറ് പ്രദേശത്താണ്. കേൻറാണ്‍മെൻറ് ഡിഫന്‍സ് സെക്യൂരിറ്റി കോര്പിെൻറ ആസ്ഥാനം ബര്‍ണശ്ശേരിയിലാണ്.
2020 ഫെബ്രുവരിയില്‍ ഭരണസമിതി കാലാവധി പൂര്‍ത്തിയായെങ്കിലും മറ്റു കേൻറാണ്‍മെൻറ് പ്രദേശങ്ങളുടെ കൂടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ ആറുമാസം കാലാവധി നീട്ടുകയായിരുന്നു. ആഗസ്റ്റ് 10ന് കാലാവധി അവസാനിച്ചെങ്കിലും കോവിഡ് കാരണം വീണ്ടും ആറുമാസംകൂടി കാലാവധി നീട്ടി. 2021 ഫെബ്രുവരിയോടെ പ്രദേശം വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടക്കും.
5000 പേരാണ് പ്രദേശത്തെ താമസക്കാർ. ഇതില്‍ 2000 പേര്‍ പൂര്‍ണമായും മലയാളി കുടുംബങ്ങളാണ്. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ഇവിടെയും തെരഞ്ഞെടുപ്പ് നടക്കുക. ആറു വാര്‍ഡുകളിലായി വിവിധ പാര്‍ട്ടികള്‍ മത്സരിത്തിനിറങ്ങും. നിലവില്‍ ആറു വാര്‍ഡുകളില്‍ അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ സി.പി.എമ്മിനാണ് വിജയം. ബോര്‍ഡ് വൈസ് പ്രസിഡൻറ് സ്ഥാനം തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കായിരിക്കും. സാധാരണ തെരഞ്ഞെടുപ്പ് രീതി പ്രകാരം ബാലറ്റ് സംവിധാനത്തിലൂടെയാണ് ബോർഡ് തെരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലാണ് പ്രദേശം ഉൾപ്പെടുന്നത്.
ബോർഡിെൻറ 12 അംഗ ഭരണസമിതി കമ്മിറ്റിയില്‍ ആറുപേര്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും അഞ്ചുേപർ ആര്‍മിയില്‍ നിന്നുള്ളവരും ഒരാള്‍ ജില്ല കലക്ടറുടെ പ്രതിനിധിയുമായിരിക്കും.
കേണല്‍ പുഷ്‌പേന്ദ്ര ജിന്‍ക്വന്‍ പ്രസിഡൻറും മോണിക്ക ദേവഗുഡി സെക്രട്ടറിയുമായ ഭരണ സമിതിയാണ് നിലവിൽ കേൻറാൺമെൻറ് ബോർഡ് ഭരണസമിതി. കേണല്‍ പി. പത്മനാഭനാണ് വൈസ് പ്രസിഡൻറ്. രതീഷ് ആൻറണി, വി. ആന്‍ഡ്രൂസ്, ദീപ ബൈജു, ഷീബ ഫെര്‍ണാണ്ടസ്, കെ. ജിഷ കൃഷ്ണൻ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.