സുധാകരന് കണ്ണൂരിൽ വൻ സ്വീകരണം; റോഡ്ഷോയുമായി ജയരാജൻ
text_fieldsകണ്ണൂർ/ഇരിട്ടി: കണ്ണൂരിൽ ചിത്രം തെളിഞ്ഞതോടെ പ്രചാരണച്ചൂടിന് തുടക്കമിട്ട് യു.ഡി.എഫ്. കണ്ണൂർ പാർലമെൻറ് മണ്ഡലം സ്ഥാനാർഥി കെ. സുധാകരന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ വൻസ്വീകരണം നൽകി.
ശനിയാഴ്ച ഉച്ചക്ക് 12.10ന് വന്ദേഭാരത് എക്സ്പ്രസിലെത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിലെത്തിയത്. ത്രിവര്‍ണ നിറത്തിലുള്ള ബലൂണുകളും കളര്‍ മാലകളും ഉയര്‍ത്തിയും ബാനറുകളും സുധാകരന്റെ ചിത്രമുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിയും ബാന്‍ഡ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടും കൂടിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. റെയിൽവേ സ്റ്റേഷനില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഒന്നര കി.മീറ്റര്‍ ദൂരം റോഡ് ഷോ നടത്തിയാണ് ഡി.സി.സി ഓഫിസിലേക്ക് ആനയിച്ചത്. ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, സജീവ് ജോസഫ് എം.എല്‍.എ, മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.ടി. സഹദുല്ല തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്വീകരണത്തിന് എത്തിയിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജനെ ആനയിച്ച് ഇരിട്ടിയിൽ നേതാക്കളും പ്രവർത്തകരും വർണാഭമായ റോഡ് ഷോ നടത്തി. ബാന്റ് മേളങ്ങളും പ്ലക്കാർഡുകളും നിറഞ്ഞ ജനപങ്കാളിത്തം ആവേശമായി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിലും സ്ഥാനാർഥി പങ്കെടുത്തു. ഇരിട്ടിയിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, കർഷകവേദി സംസ്ഥാന ചെയർമാൻ റോജർ സെബാസ്റ്റ്യൻ എന്നിവർ നടത്തുന്ന 50 മണിക്കൂർ ഉപവാസ സമരവേദിയിലെത്തിയ സ്ഥാനാർഥിയെ നേതാക്കൾ വരവേറ്റു. എം.വി. ജയരാജനെ മഹാസംഘ് നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. വന്യജീവി ആക്രമണത്തിനെതിരെ കർഷകർ നടത്തുന്ന ന്യായമായ പ്രക്ഷോഭത്തിനൊപ്പം നിൽക്കുമെന്ന് ഉപവാസ സമരത്തെ അഭിവാദ്യംചെയ്ത് എം.വി. ജയരാജൻ പറഞ്ഞു.
ക്രിസ്ത്യൻ പള്ളിക്കടുത്ത് നിന്നാരംഭിച്ച റോഡ് ഷോ സിറ്റി സെന്റർ വഴി ഇരിട്ടി മുനിസിപ്പൽ ഓപൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ, എൽ.ഡി.എഫ് നേതാക്കളായ കെ. ശ്രീധരൻ, ബിനോയ് കുര്യൻ, കെ.വി. സക്കീർ ഹുസൈൻ, അഡ്വ. എം. രാജൻ, വി. ഷാജി, കെ.ടി. ജോസ്, സി.പി.ഐ ജില്ല സെക്രട്ടറി സി.പി. സന്തോഷ്കുമാർ, അജയൻ പായം, സി.എം. ജോർജ്, എസ്.എം.കെ. മുഹമ്മദലി, കെ.പി. പ്രശാന്ത്, കെ. അശോകൻ, കെ.സി. ജേക്കബ്, ഇബ്രാഹിം മാവിലക്കണ്ടി, കെ.കെ. ഹാഷിം എന്നിവർ റോഡ് ഷോക്ക് നേതൃത്വം നൽകി. ഓഡിറ്റോറിയത്തിൽ ചേർന്ന പേരാവൂർ മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ കൺവെൻഷനിലും സ്ഥാനാർഥി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.