സുസജ്ജം, ജനം ഇന്ന് വിധിയെഴുതും
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനായി കണ്ണൂർ സജ്ജം. പോളിങ് വെള്ളിയാഴ്ച രാവിലെ ഏഴിന് തുടങ്ങും. രാവിലെ 5.30ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ ആരംഭിക്കും. എല്ലാ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാര്‍ക്കും അവരവരുടെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു നോക്കാന്‍ അവസരം ലഭിക്കും.
എല്ലാ സ്ഥാനാര്‍ഥികളുടെയും വോട്ട് കൃത്യമായി രേഖപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ആദ്യം ചെയ്ത വോട്ടുകള്‍ മെഷീനില്‍ നിന്നും മായ്ച്ചുകളഞ്ഞ് എല്ലാ സ്ഥാനാർഥികൾക്കും പൂജ്യം വോട്ട് ഉറപ്പുവരുത്തും. മോക്പോള്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരില്‍ നിന്നും പ്രിസൈഡിങ് ഓഫിസര്‍ ഒപ്പിട്ട് വാങ്ങും.
വൈകീട്ട് ആറിന് പോളിങ് അവസാനിക്കും. അവസാനിക്കുന്ന സമയത്ത് നിരയില്‍ ആളുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ലഭിച്ച എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം വോട്ടിങ് അവസാനിപ്പിക്കും. ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ ഇ.വി.എമ്മില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തും.
വെള്ളിയാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടു യന്ത്രങ്ങളും ഈ കേന്ദ്രങ്ങളില്‍ തന്നെ സ്വീകരിക്കും. അവിടെ നിന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടു യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും.
വടകര ലോക്സഭ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളും വി.വി.പാറ്റ് വോട്ടു യന്ത്രങ്ങളും കോഴിക്കോട് ജെ.ഡി.ടി ഇസ് ലാം ഹയര്‍സെക്കൻഡറി സ്കൂളിലേക്ക് മാറ്റും.
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍, കല്യാശേരി നിയമസഭാ മണ്ഡലങ്ങളിലേത് പെരിയ കേന്ദ്ര സർവകലാശാലയിലേക്ക് മാറ്റും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
1866 പോളിങ് സ്റ്റേഷനുകൾ
ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ പോളിങ് സംഘങ്ങള്‍ക്കുള്ള ഇ.വി.എം ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പൂര്‍ത്തിയായി.
1866 പോളിങ് സ്റ്റേഷനുകളിലേക്കായി 1866 വീതം ബാലറ്റ് യൂനിറ്റ്, കണ്ട്രോള് യൂനിറ്റ്, വി.വി പാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ അവസാനവട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും സംശയ നിവാരണം വരുത്തുകയും ചെയ്ത ശേഷമാണ് പോളിങ് സംഘങ്ങളെ ബൂത്തിലേക്ക് അയച്ചത്. വൈകീട്ട് മൂന്നരയോടെ മുഴുവന്‍ സംഘങ്ങളും അവര്‍ക്ക് നിശ്ചയിച്ച ബൂത്തുകളില്‍ എത്തി.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും 11 നിയമസഭാ മണ്ഡലങ്ങളിലെയും സ്ട്രോങ് റൂമുകളില്‍ നേരത്തെ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ നിന്ന പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.
തുടര്‍ന്ന് ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിലാണ് പൊലീസ് സുരക്ഷയോടെ പോളിങ് സംഘങ്ങള്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂനിറ്റ് എണ്ണത്തിന്റെ 25 ശതമാനവും കണ്ട്രോള് യൂനിറ്റിന്റെ 20 ശതമാനവും വി.വി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികമായി ഓരോ മണ്ഡലത്തിലെയും സ്ട്രോങ് റൂമുകളിലുണ്ട്.
ബൂത്തുകളില്‍ മോക് പോള്‍ സമയത്തോ പോളിങ് സമയത്തോ ഏതെങ്കിലും തരത്തില്‍ യന്ത്ര തകരാര്‍ ഉണ്ടായാല്‍ പകരം ഉപയോഗിക്കുന്നതിനായി റിസർവ് യന്ത്രങ്ങള്‍ സെക്ടറല്‍ ഓഫിസര്‍മാര്‍ക്ക് വെള്ളിയാഴ്ച രാവിലെ നല്‍കും.
വെബ്കാസ്റ്റ്; നിരീക്ഷണത്തിന് 115 അംഗ സംഘം
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകളിലെ ലൈവ് വെബ്കാസ്റ്റിങ് നിരീക്ഷിക്കുന്നതിനുള്ള കണ്ട്രാള് റൂം കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സജ്ജമായി. ട്രയല്‍ റണ്‍ വ്യാഴാഴ്ച വൈകീട്ടോടെ നടത്തി.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല കലക്ടറുമായ അരുണ്‍ കെ. വിജയന്, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം കെ. നവീൻ ബാബു, ഹുസൂര്‍ ശിരസ്തദാര്‍ പി. പ്രേംരാജ് എന്നിവര്‍ കണ്ട്രാള് റൂം സന്ദര്‍ശിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.കണ്ട്രോള് റൂമില്‍ വിപുലമായ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ കൂടാതെ കല്യാശ്ശേരി, പയ്യന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളും കണ്ട്രോള് റൂമില്‍ നിന്ന് നിരീക്ഷിക്കാം. ജില്ലയില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാർഥികൾക്ക് ഇന്നലെയും തിരക്കൊഴിഞ്ഞില്ല
കണ്ണൂർ: തിരക്കൊഴിയാതെ വ്യാഴാഴ്ചയും സ്ഥാനാർഥികൾ. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ അവസാനവട്ട നിശ്ശബ്ദ പ്രവർത്തനത്തിലായിരുന്നു. പരസ്യ പ്രചാരണം ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നിട്ടും സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും വിശ്രമമില്ലാതെയാണ് വ്യാഴാഴ്ചയും പ്രവർത്തനം നടത്തിയത്.
തിരക്കിനിടയിൽ വിട്ടുപോയവരെ കാണൽ, ഫോണിലൂടെ വോട്ട് ഉറപ്പിക്കൽ എന്നിവ നേതാക്കളും സ്ഥാനാർഥികളും നിർവഹിച്ചപ്പോൾ വീടുകയറിയുള്ള പ്രവർത്തനങ്ങളിലാണ് പ്രവർത്തകർ മുഴുകിയത്.
കലാശക്കൊട്ടിനിടെ കൈയാങ്കളി നടന്ന മലപ്പട്ടത്തെ പരിക്കേറ്റ പ്രവർത്തകരെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ സന്ദർശിച്ചു. പിന്നീട് നടാലിലെ വീടിനു പരിസരത്തെ കടകളിലും മറ്റും വോട്ടർമാരെ നേരിട്ട് കാണാനെത്തി. ജില്ലയിലെ നേതാക്കളുമായും പ്രധാന പ്രവർത്തകരുമായും ബന്ധപ്പെട്ടും ആശയ വിനിമയം നടത്തി.
നിശ്ശബ്ദ പ്രചാരണ ദിവസമായ വ്യാഴാഴ്ച വോട്ടുറപ്പിക്കാൻ അവസാന ഘട്ട പര്യടനം നടത്തി എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ. രാവിലെ കണ്ണൂർ ഹാർബറിൽ മത്സ്യത്തൊഴിലാളികളെ കണ്ടു. തുടർന്ന് കണ്ണൂർ മണ്ഡലത്തിലും ഉച്ച കഴിഞ്ഞ് ഇരിക്കൂർ മണ്ഡലത്തിലും വ്യക്തികളെ കണ്ട് വോട്ടു തേടി.
പയ്യാമ്പലം ഉർസുലേൻ കോൺവെന്റ്, തോട്ടട മറാത്തി കോളനി, കുറുവ തണൽ, തോട്ടട സമാജ് വാദി കോളനി എന്നിവിടങ്ങളിലുമെത്തി. എൽ.ഡി.എഫ് നേതാക്കളായ പി.വി. ഗോപിനാഥ്, കെ. ഷഹറാസ്, പി. ദിനേശൻ, വൈഷ്ണവ് മഹേന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു.
എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥ് കെ.ജി. മാരാർ അനുസ്മരണ ചടങ്ങിൽ സംബന്ധിച്ചു കൊണ്ടാണ് വ്യാഴാഴ്ചത്തെ പരിപാടിക്ക് തുടക്കം കുറിച്ചത്. രാവിലെ എട്ട് മണിക്ക് പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിൽ അദ്ദേഹം സംബന്ധിച്ചു. ചില മരണ വീടുകളിലും പോയി. സ്വകാര്യ വ്യക്തികളെ കാണാനാണ് ബാക്കി സമയം ചെലവഴിച്ചത്.
പയ്യന്നൂരില്‍ 40ഓളം പ്രശ്നബൂത്തുകൾ
പയ്യന്നൂര്‍: മണ്ഡലത്തിൽ വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വ്യാഴാഴ്ച വൈകീട്ടോടെ പൂർത്തിയായി. വൈകീട്ട് ആറു വരെ നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ആറ് ഗ്രാമപഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ 1,86,495 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതിൽ 4, 196 പേർ പുതിയ വോട്ടർമാരാണ്. ആകെ 181 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തിൽ 40ഓളം പ്രശ്ന ബൂത്തുകൾ ഉള്ളതായാണ് വിലയിരുത്തൽ ഇവിടങ്ങളിൽ മൈക്രോ ഒബ്സർവർ മാരെ നിയമിച്ചിട്ടുണ്ട്.
ക്രമസമാധാന പാലനത്തിന് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടാവും. മണ്ഡലത്തിലെ പിങ്ക് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. ബോയ്സ് സ്കൂളിൽ നിന്ന് തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളും വിതരണം വ്യാഴാഴ്ച ഉച്ചയോടെ പൂർത്തിയായി.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഉപവരണാധികാരിയുടെ നേതൃത്വത്തിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി പൊലീസ് സുരക്ഷയോടെ പ്രത്യേകം നിശ്ചയിച്ച വാഹനങ്ങളില്‍ അതതു ബൂത്തുകളിൽ വൈകീട്ടോടെ എത്തി. ഉപകരണങ്ങൾ കൈപ്പറ്റാൻ പ്രത്യേക കൗണ്ടറുകളില്‍ രാവിലെ മുതൽ വൻ തിരക്കായിരുന്നു.
കൈപ്പറ്റിയ കിറ്റുകളില്‍ ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് അതത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ യാത്രയായത്.
20 പോളിങ് ബൂത്തുകൾക്ക് മാവോവാദി ഭീഷണി; സുരക്ഷ ചുമതല കേന്ദ്രസേനക്ക്
ഇരിട്ടി/കേളകം: മേഖലയിലെ 20 പോളിങ് ബൂത്തുകൾ മാവോവാദി ഭീഷണിയിൽ. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോവാദികളുടെ ആഹ്വാനവും നിലനിൽക്കെ ഇത്തരം ബൂത്തുകൾക്ക് കനത്ത സുരക്ഷയൊരുക്കും. വയനാട് കമ്പമലയിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ നാലുപേർ അടങ്ങുന്ന മാവോവാദി സംഘം തൊഴിലാളികളോട് വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ മുഴക്കുന്ന് യു.പി സ്കൂളിലെ പോളിങ് ബൂത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി സി.പി.ഐ മാവോയിസ്റ്റ് ഗ്രൂപ് കബനിദളം എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
ആറളം, കരിക്കോട്ടക്കരി, ഉളിക്കൽ, ഇരിട്ടി, കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മാവോവാദി ഭീഷണിയുള്ള പോളിങ് ബൂത്തുകൾ ഉള്ളത്.
ആറളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വളയഞ്ചാൽ അംഗൻവാടി, ആറളം ഫാം സ്കൂൾ, പാലക്കുന്ന് അംഗൻവാടി, ചതിരൂർ അംഗൻവാടി, അടിച്ചുവാരി നിർമല എൽ.പി സ്കൂളിലെ രണ്ട് ബൂത്തുകൾ ഉൾപ്പെടെ ആറ് ബൂത്തുകൾ അതീവ സുരക്ഷ സംവിധാനങ്ങൾ വേണ്ട മാവോവാദി ഭീഷണിയുള്ള ബൂത്തുകളാണ്.
കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിലെ എടപുഴ എൽ.പി സ്കൂൾ, ഈന്തുംകരി സാംസ്കാരിക നിലയം, രണ്ടാംകടവ് എൽ.പി സ്കൂൾ, അങ്ങാടിക്കടവ് സേക്രഡ്ഹാർട്ട് യു.പി സ്കൂൾ ഉൾപ്പെടെ നാല് ബൂത്തുകൾ മാവോവാദി ബൂത്തുകളാണ്.
ഉളിക്കൽ സ്റ്റേഷൻ പരിധിയിലെ കല്ലൻതോട് യു.പി സ്കൂളിലെ മൂന്ന് ബൂത്തുകളും മാട്ടറ എൽ.പി സ്കൂളിലെ ഒന്നും കാലാങ്കി എൽ.പി സ്കൂളിലെ ബൂത്തുകളും ഉൾപ്പെടെയുള്ളവയും പട്ടികയിലുണ്ട്.
ഇരിട്ടി സ്റ്റേഷൻ പരിധിയിലെ പാലത്തിൻ കടവ് എൽ.പി സ്കൂളും കച്ചേരി കടവ് യു.പി സ്കൂളും ഉൾപ്പെടെ രണ്ട് മാവോയിസ്റ്റ് ബൂത്തുകളാണ് ഉള്ളത്.
മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ 28 ബൂത്തുകളിൽ 23 ബൂത്തുകളും പ്രശ്ന ബാധിത ബൂത്തുകളാണ്.
അതിൽ പടിക്കച്ചാൽ, പള്ള്യം വാണി വിലാസം, മുഴക്കുന്ന് സ്കൂൾ, പാലാ സ്കൂൾ, മുബാറക് സ്കൂൾ എന്നീ സ്കൂളുകളിലെ ബൂത്തുകൾ അതീവ പ്രശ്ന ബാധിത ബൂത്തുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.