നിയന്ത്രണംവിട്ട ലോറി ട്രാൻസ്ഫോർമർ തകർത്ത് മറിഞ്ഞു
text_fields
പഴയങ്ങാടി: നിയന്ത്രണം വിട്ട ലോറി ട്രാൻസ്ഫോർമർ തകർത്ത് വ്യാപാര ഭവൻ കെട്ടിടത്തിനിടിച്ച് കീഴ്മേൽ മറിഞ്ഞു. അപകടത്തിൽ പഴയങ്ങാടി വ്യാപാരഭവൻ കെട്ടിടത്തിലെ നാലു സ്ഥാപനങ്ങളുടെ മുൻഭാഗവും കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറും പൂർണമായും തകർന്നു. അപകടത്തിൽപെട്ട ലോറിയുടെ മുൻഭാഗവും തകർന്ന നിലയിലാണ്. ലോറി ഡ്രൈവർ ബിഹാർ സ്വദേശി വികാസ് കുമാർ (32), ലോറിയിലെ ജീവനക്കാരൻ ബിഹാറിലെ രാമശങ്കർ (18) എന്നിവർക്ക് പരിക്കേറ്റു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ബുധനാഴ്ച പുലർച്ച അഞ്ചോടെ തൃശൂരിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ഡി.ഡി. പൂജ്യം-1 സി. 9039 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്തിൽ നിന്ന് ചരക്കുമായി തൃശൂരിലെത്തിയ ലോറി മടക്കയാത്രയിൽ നിറയെ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് സഞ്ചികളുമായി ഗുജറാത്തിലെ വാപി സംസ്കരണ കേന്ദ്രത്തിലേക്ക് പോകവെയാണ് അപകടം.
വ്യാപാരഭവൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിസാമിയ കർട്ടൻസ്, സിറ്റിസൻ മെഡിക്കൽസ്, പി.പി. സൈനുദ്ദീൻ ആൻഡ് കമ്പനി സിമന്റ് വിൽപന കട, ൈപ്ലവുഡ് സെന്റർ എന്നിവയുടെ മുൻഭാഗവും ഷട്ടറുകളും ബോർഡുകളും വൈദ്യുതി സംവിധാനവും വരാന്തകളും പൂർണമായും തകർന്നു. സിറ്റിസൻ മെഡിക്കൽസിന്റെ സി.സി.ടി.വി സംവിധാനവും തകർന്നു. മിക്ക സമയങ്ങളിലും ആളുകൾ കൂടിയിരിക്കുന്ന മേഖലയിലുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണ്. പുലർച്ചയായതിനാൽ പരിസരത്ത് ആളുണ്ടായിരുന്നില്ല .
നഷ്ടത്തിന്റെ കണക്കെടുത്ത് വരുകയാണെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു. ട്രാൻസ്ഫോർമർ പൂർണമായും തകർന്നതിനാൽ വൈദ്യുതി ബോർഡിന്ന് നാലരലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചതായും മറ്റ് നഷ്ടങ്ങളുടെ കണക്കെടുത്ത് വരുന്നതായും കെ.എസ്.ഇ.ബി എൻജിനീയർ വി.വി. രാജീവൻ പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ലോറി വ്യാപാരഭവൻ കെട്ടിടത്തിനടുത്ത് നിന്ന് നീക്കി. ലോറി പഴയങ്ങാടി പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് രാവിലെ അഞ്ചുമുതൽ ഉച്ചക്ക് രണ്ടര വരെ പഴയങ്ങാടിയിൽ ഗതാഗത തടസ്സം നേരിട്ടു. ലോറി നീക്കാനും ഗതാഗതം നിയന്ത്രിക്കുന്നതിനും റോഡിലാകെ നിറഞ്ഞ പ്ലാസ്റ്റിക്ക് സഞ്ചികൾ മാറ്റുന്നതിനും നാട്ടുകാരും വ്യാപാരികളും സജീവമായി രംഗത്തിറങ്ങി.കെ.എസ്.ഇ.ബി യുദ്ധകാലാടിസ്ഥാനത്തിൽ ജോലി ചെയ്താണ് രാത്രിയോടെ ട്രാൻസ്ഫോർമർ മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചത്. പഴയങ്ങാടി സി.ഐ. ടി.എൻ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഗതാഗതം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.