മെറ്റൽ കയറ്റിയ ലോറി കാറിലിടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
text_fieldsകല്യാശ്ശേരി: ദേശീയപാത ഹാജിമെട്ടയിൽ മെറ്റൽ കയറ്റിയ ലോറി കാറിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അരോളി സ്വദേശി പ്രവീണിനും (49) ലോറി ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പ്രവീണിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്നവരുടെ പരിക്ക് നിസ്സാരമാണ്. ചൊവ്വാഴ്ച രാവിലെ 11നാണ് അപകടം. കനത്ത മഴയും ദേശീയപാതയിലെ വഴുക്കലുമാണ് അപകടകാരണമെന്ന് കരുതുന്നു.
തളിപ്പറമ്പ് ഭാഗത്തുനിന്ന് മെറ്റൽ നിറച്ചുവന്ന ചരക്കുലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് എതിരെവന്ന കാറിലിടിച്ചത്. വെട്ടിക്കുന്നതിനിടയിൽ ലോറിയുടെ പിൻഭാഗമാണ് ഇടിച്ചത്. കാറിന്റെ ഒരുഭാഗം പൂർണമായി തകർന്നു. പ്രവീൺ സാരമായി പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഹൈവേ പട്രോളിങ് പൊലീസ് സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കി.
ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നതിനിടയിൽ മഴ പെയ്യുമ്പോൾ റോഡിൽ ചളി നിറഞ്ഞ് വഴുക്കുന്നത് നിരവധി അപകടങ്ങൾക്കാണ് കാരണമാകുന്നത്. കനത്ത മഴക്കൊപ്പം ജില്ലയിലുടനീളം റോഡ് പണിയും നടക്കുന്നതിനാൽ അപകട സാധ്യതയേറെയാണ്. അശ്രദ്ധമായും അമിതവേഗതയിലുമുള്ള ഡ്രൈവിങ് അപകടം വരുത്തിവെക്കുമെന്നുറപ്പാണ്. മഴ ശക്തമായ രണ്ടാഴ്ചക്കിടെ വാഹനങ്ങൾ നിയന്ത്രണം നഷ്ടമായും കൂട്ടിയിടിച്ചും റോഡിൽനിന്ന് തെന്നിമറിഞ്ഞും നിരവധി അപകടങ്ങളാണ് ജില്ലയിലുണ്ടായത്. പത്തിലേറെപേർക്ക് ജീവനും നഷ്ടമായി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മിക്കയിടത്തും നിലവിലുള്ള റോഡിന് ചേർന്നാണ് പ്രവൃത്തി നടക്കുന്നത്. വലിയതോതിൽ മണ്ണിടിച്ചും നികത്തിയും നടക്കുന്ന പണിയായതിനാൽ റോഡിൽ ചളി നിറഞ്ഞിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ടും നിലനിൽക്കുന്നുണ്ട്. വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ അരികിലേക്ക് ഒതുക്കാനും വെട്ടിക്കാനും സ്ഥലമില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.
കോറോം കടന്നപ്പള്ളി, പരിയാരം, കുപ്പം, തളിപ്പറമ്പ്, കല്യാശ്ശേരി, കീച്ചേരി, ചൊവ്വ, മുഴപ്പിലങ്ങാട്, എടക്കാട്, അഴിയൂർ ഭാഗങ്ങളിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ അപകടവും പതിവാണ്. കണ്ണപുരത്ത് നിയന്ത്രണംവിട്ട പിക്അപ് വാനിടിച്ച് രണ്ടുപേർ മരിച്ചത് മൂന്നുമാസം മുമ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.