പാചക വാതകം, സി.എൻ.ജി വില കുതിക്കുന്നു ഓട്ടവും നിലക്കും ഊണും മുടങ്ങും
text_fieldsകണ്ണൂർ: പാചക വാതകത്തിന്റെയും സി.എൻ.ജിയുടെയും വില കുത്തനെ ഉയർന്നതിനാൽ നട്ടം തിരിയുകയാണ് ജനം. പെട്രോൾ, ഡീസൽ വിലവർധനക്കൊപ്പം സാധാരണക്കാരന് ഇരുട്ടടിയായാണ് കേന്ദ്രം പാചകവാതകത്തിലും കൈവെച്ചത്. കണ്ണൂരിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 260 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2318 രൂപയായി. ഒരുമാസം മുമ്പാണ് 105 രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞയാഴ്ച എട്ടുരൂപ കുറച്ചതിന് തൊട്ടുപിന്നാലെയാണ് സിലിണ്ടർ വിലവർധന ഇരട്ട സെഞ്ച്വറി കടത്തിയത്. കഴിഞ്ഞ നവംബറിൽ 265 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.
കോവിഡ് തരംഗങ്ങളും സാമ്പത്തിക പ്രതിസന്ധിയും അതിജീവിച്ച് കരകയറുന്ന ഹോട്ടൽ, കാറ്ററിങ് മേഖലക്ക് പൂട്ടുവീഴുന്ന തരത്തിലാണ് വിലക്കയറ്റം. ലോക്ഡൗണിൽ കടകളടച്ചും നിയന്ത്രണങ്ങൾ പാലിച്ചും തകർച്ചയിലായ ഹോട്ടൽ മേഖല കൂടുതൽ പ്രയാസത്തിലായി. ഭക്ഷണവില വർധിപ്പിക്കാൻ നിർബന്ധിതമായ അവസ്ഥയാണ്. വില വർധിപ്പിച്ചാലും ചെറുകിട ഹോട്ടലുകൾക്ക് പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധിയിൽ രണ്ടായിരത്തോളം ചെറുകിട, ഇടത്തരം ഹോട്ടലുകൾക്കാണ് ജില്ലയിൽ പൂട്ടുവീണത്. ഇങ്ങനെപോയാൽ എണ്ണം ഇനിയും വർധിക്കും. 80,000ത്തിലധികം തൊഴിലാളികളാണ് ജില്ലയിൽ ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് ശരാശരി 10 പേരെങ്കിലും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ഈ അവസ്ഥയിൽ എങ്ങോട്ടു പോകുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. കോവിഡിന് മുമ്പ് എട്ടായിരത്തോളം ഹോട്ടലുകളാണ് പ്രവർത്തിച്ചിരുന്നത്.
യുക്രെയ്ൻ-റഷ്യ യുദ്ധത്തോടെ പാചകത്തിനായി ഉപയോഗിക്കുന്ന ഓയിലിനും 25 ശതമാനം വില വർധിച്ചിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. ജില്ലയിലെ ഹോട്ടലുകളിൽനിന്ന് 50-60 രൂപക്ക് നിലവിൽ ഊൺ കഴിക്കാം. ബിരിയാണിയാണെങ്കിൽ 150 മുതൽ 200 വരെ കൊടുക്കണം. കോഴിയിറച്ചിക്കും വില കുതിക്കുകയാണ്. കഴിഞ്ഞയാഴ്ച കിലോക്ക് 180 ആയെങ്കിലും നിലവിൽ അൽപം താഴ്ന്ന് 160ലെത്തിയിട്ടുണ്ട്. തട്ടുകടകളും പിടിച്ചുനിൽക്കാനാവാതെ പ്രതിസന്ധിയിലാണ്. ഗാർഹിക പാചകവാതക സിലിണ്ടറിനും വില വർധിക്കുകയാണ്. 14.2 കിലോയുടെ സിലിണ്ടറിന് കഴിഞ്ഞയാഴ്ചയാണ് 50 രൂപ കൂടിയത്.
സി.എൻ.ജിക്കും രക്ഷയില്ല
കണ്ണൂർ: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍നിന്ന് രക്ഷപ്പെടാനാണ് ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറിയത്. വിലക്കയറ്റത്തിൽ രക്ഷയില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ഒരു കിലോ സി.എന്‍.ജിക്ക് ഒമ്പത് രൂപയാണ് കൂട്ടിയത്.
വിവിധയിടങ്ങളിൽ 80 മുതൽ 85 രൂപ വരെ നൽകണം. ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്നത് പെട്രോൾ പമ്പിൽ കൊടുക്കാൻ തികയാതെ വന്നതോടെയാണ് ഡ്രൈവർമാർ സി.എന്‍.ജി വാഹനങ്ങൾ വാങ്ങിയത്. കണ്ണൂരിൽ 250ലേറെ സി.എൻ.ജി ഓട്ടോറിക്ഷകൾ ഉണ്ടെന്നാണ് കണക്ക്. അഞ്ചു മാസത്തിനിടെ 16 രൂപയോളം കൂടി. ജില്ലയിൽ ആവശ്യത്തിന് സി.എൻ.ജി പമ്പുകൾ ഇല്ലാത്തതും തിരിച്ചടിയാണ്. കണ്ണൂരിലും മട്ടന്നൂരിലും മാത്രമാണ് ഇന്ധനം നിറക്കാൻ സൗകര്യം. സി.എൻ.ജി നിറക്കാനെത്തിയാൽ തിരക്കുമൂലം അന്നത്തെ ദിവസത്തെ ഓട്ടം നിലക്കുമെന്ന് ഡ്രൈവർമാർ പറയുന്നു.
കണ്ണൂരിൽ പെട്രോൾ, ഡീസലിന് 87 പൈസയാണ് ശനിയാഴ്ച വർധിച്ചത്. 112.38, 99.37 എന്നിങ്ങനെയാണ് വർധിപ്പിച്ച പെട്രോൾ, ഡീസൽ വില. മാഹിയിൽ പെട്രോളിന് 99.47 രൂപയും ഡീസലിന് 87.67 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.