മാഹി ബൈപാസ് ആറുമാസത്തിനകം
text_fieldsകണ്ണൂർ: നിർമാണം പുരോഗമിക്കുന്ന തലശ്ശേരി-മാഹി ബൈപാസ് പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. ആറുമാസത്തിനകം പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാവും. ബൈപാസിെൻറ പ്രവൃത്തി 60 ശതമാനം പൂർത്തിയായി. പാലങ്ങളുടെയും റോഡിെൻറയും പണിയാണ് പ്രധാനമായും നടക്കുന്നത്. ധർമടം പാലത്തിെൻറ പണി പൂർത്തിയായി. വയലുകളിലും താഴ്ന്ന സ്ഥലങ്ങളിലും ബൈപാസിനായി മണ്ണിട്ട് ഉയർത്തൽ പുരോഗമിക്കുകയാണ്.
ബൈപാസ് റോഡ് ടാറിങ് 60 ശതമാനത്തോളം കഴിഞ്ഞു. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് നിർമിക്കുന്നത്. ബൈപാസിന് ഇരുവശത്തും സർവിസ് റോഡുകളുടെ ടാറിങ് നടക്കുന്നുണ്ട്. അഞ്ചര മുതൽ ഏഴു മീറ്റർ വരെ വീതിയിലാണ് ടാറിങ്. 21 അടിപ്പാതകളാണ് ബൈപാസിനുള്ളത്. ഇവയുടെ നിർമാണം 90 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. മൂന്നെണ്ണം കൂടിയാണ് പൂർത്തിയാകാനുള്ളത്. പാനൂർ മേഖലയിൽനിന്ന് വലിയ ലോറികളിൽ മണ്ണെത്തിച്ച് റോഡ് ഉയർത്തൽ പുരോഗമിക്കുകയാണ്. തുടക്കത്തിൽ മണ്ണ് ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
റി ഇൻഫോഴ്സ്ഡ് വാൾ (ആർ.ഇ വാൾ) ഉപയോഗിച്ചാണ് അരിക് കെട്ടുന്നത്. ഉയർന്നതും ദുർബലവുമായ പ്രദേശങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ചാണ് ഭിത്തി നിർമാണം. ഏറെദൂരം വയലിലൂടെയും ചതുപ്പു നിറഞ്ഞതും താഴ്ന്നതുമായ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. ദേശീയപാതയുടെ അനുവദനീയമായ ഉയരം പാലിക്കാത്തതിനാലും സുരക്ഷാ പ്രശ്നം മുൻനിർത്തിയും പാറാൽ-ചൊക്ലി റോഡിൽ അടിപ്പാതക്കായി നിർമിച്ച പാലം പൊളിച്ചുമാറ്റൽ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതോടൊപ്പം പുതിയ പാലത്തിെൻറ പണിയും നടക്കുന്നുണ്ട്. പാലം അഞ്ചര മീറ്റർ ഉയരത്തിലാണെങ്കിലും റോഡിെൻറ ചരിവുമൂലം ഇരുവശത്തും ഈ ഉയരം കൃത്യമായി പാലിക്കാനായില്ല. ഈ ചരിവ് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്. ഒരു വർഷം മുമ്പ് കോടി രൂപ ചെലവിൽ നിർമിച്ച പാലമാണ് പൊളിച്ചുമാറ്റുന്നത്.
ധർമടം നദിക്ക് കുറുകെ നെട്ടൂരിൽ പണിതുകൊണ്ടിരിക്കുന്ന പാലത്തിലെ നാല് ഗർഡറുകൾ അഞ്ചുമാസങ്ങൾക്ക് മുമ്പ് തകർന്നത് വിവാദമായിരുന്നു. കോൺക്രീറ്റ് ചെയ്ത നാലു ഗർഡറുകളിൽ ഒന്നിന് അടിത്തട്ടിൽനിന്നും ഊന്നു നൽകിയത് തെന്നിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അഞ്ചരക്കണ്ടി, ധർമടം, കുയ്യാലി, മയ്യഴിപ്പുഴകൾക്ക് കുറുകെയാണ് ബൈപാസിനായി പാലം നിർമിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും പുതുച്ചേരി സംസ്ഥാനത്തെ മാഹിയിലുമായി 82.5222 ഹെക്ടർ സ്ഥലമാണ് ബൈപാസിനായി ഏറ്റെടുത്തത്. ദേശീയ ഹൈവേ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ബൈപാസ് പണി തീരുന്നതോടെ നാലു പതിറ്റാണ്ടായുള്ള സ്വപ്നമാണ് പൂർത്തിയാകുന്നത്. ഇതോടെ കണ്ണൂർ-കോഴിക്കോട് റൂട്ടിൽ തിരക്കേറിയതും സൗകര്യം കുറഞ്ഞ റോഡുകളുമുള്ള തലശ്ശേരി, മാഹി ടൗണുകളിൽ പ്രവേശിക്കാതെ യാത്ര സുഗമമാകും.
മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താന്‍ നിലവിൽ ഒരുമണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്. മാഹി ബൈപാസ് യാഥാർഥ്യമായാല്‍ 20 മിനിറ്റുകൊണ്ട് ഈ ദൂരം താണ്ടാനാവും. കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് 18.6 കിലോമീറ്റർ ദൂരത്തിലാണ് മാഹി ബൈപാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.