എ.ടി.എമ്മിൽ നിന്നെടുത്ത 10,000 കിട്ടിയില്ല; പരാതിപ്പെട്ടപ്പോൾ 49,500 രൂപ കൂടി നഷ്ടമായി
text_fieldsമാഹി: എ.ടി.എമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാനെത്തിയ അക്കൗണ്ട് ഉടമക്ക് പണം കിട്ടിയില്ലെന്ന് മാത്രമല്ല പരാതി പരിഹാരത്തിന് അപേക്ഷ നൽകിയപ്പോൾ 49,500 രൂപ കൂടി നഷ്ടമായി. ബാങ്ക് ഓഫ് ബറോഡ ന്യൂ മാഹി ശാഖയിലെ എ.ടി.എം കാർഡുപയോഗിച്ച് ന്യൂ മാഹിയിലെ ഷൈൻസിൽ കെ.എം.ബി. മുനീർ കഴിഞ്ഞ 19ന് രാവിലെ 8.15ന് മാഹി എസ്.ബി.ഐ ശാഖയിൽ നിന്നാണ് എ.ടി.എം വഴി 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചത്.
പണം കിട്ടിയില്ലെങ്കിലും പിൻവലിച്ചതായി സന്ദേശമാണ് ലഭിച്ചത്. ഉടൻ ബാങ്ക് മാനേജർക്ക് പരാതിയും നൽകി. പരിശോധിച്ച് 24 മണിക്കൂറിനകം നഷ്ടപ്പെട്ട സംഖ്യ അക്കൗണ്ടിൽ വരവു വെക്കുമെന്ന് മാനേജർ പറയുകയും ചെയ്തു. എന്നാൽ 22 ന് വൈകീട്ട് 4.30ന് ട്രൂ കോളറിൽ ബാങ്ക് ഓഫ് ബറോഡ റീഫണ്ട് ഹെൽപ് ലൈൻ എന്ന പേരിലുള്ള 7064176396 ഫോൺ നമ്പറിൽ നിന്ന് മുനീറിനെ വിളിക്കുകയും താങ്കൾ പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ബാങ്കിൽ പരാതി നൽകിയിരുന്നല്ലോ എന്ന് തിരക്കി ഫോൺ കട്ടാക്കുകയും ചെയ്തു.
ഉടൻ ബാങ്ക് ഓഫ് ബറോഡ കസ്റ്റമർ കെയർ എന്ന പേരിലുള്ള ടോൾ ഫ്രീ നമ്പറായ 1800 1024455 ൽ നിന്ന് തുടർന്നും വിളിക്കുകയും പണം തിരിച്ചു കിട്ടാൻ ഒരു ഫോമിന്റെ ലിങ്ക് അയക്കുന്നുണ്ടെന്നും അത് പൂരിപ്പിച്ച് അയക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് പേര്, അക്കൗണ്ട് നമ്പർ, നഷ്ടപ്പെട്ട സംഖ്യ എന്നിവ നൽകി. 4.40ന് മുനീറിന്റെ അക്കൗണ്ടിൽ നിന്ന് 49,500 രൂപ പിൻവലിച്ചതായ സന്ദേശമാണ് ലഭിച്ചത്.
കബളിപ്പിക്കപ്പെട്ട വിവരം ഉടൻ ബാങ്കിനെ അറിയിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും എ.ടി.എം ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുനീർ ന്യൂ മാഹി പൊലീസിൽ നൽകിയ പരാതി സൈബർ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.