വീട്ടിൽകയറി റിട്ട. അധ്യാപികയെ ആക്രമിച്ച് ഫോൺ കവർന്നു
text_fieldsമാഹി: റിട്ട. അധ്യാപികയെ മാരകായുധം ഉപയോഗിച്ച് അടിച്ചുവീഴ്ത്തി കവർച്ച നടത്തിയ കേസിൽ സേലം കള്ളക്കുറിച്ചി സ്വദേശിയായ 16കാരനെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കര സ്കൂളിൽനിന്നും വിരമിച്ച 75 കാരിയായ മീര റോക്കിയാണ് ഞായറാഴ്ച ഉച്ചക്ക് അക്രമത്തിനിരയായത്.
ഇവർ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു. കള്ളക്കുറിച്ചിയിൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് പ്രതിയെന്ന് മാഹി പൊലീസ് പറഞ്ഞു.
ഈ കുട്ടിയുടെ മാതാപിതാക്കൾ മാഹി മുണ്ടോക്കിൽ വാടക വീട്ടിൽ താമസിച്ച് മാഹിയിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്ത് ഉപജീവനം നടത്തുകയാണ്. സ്കൂൾ അവധിക്കാലത്ത് ഈ കുട്ടി മാതാപിതാക്കൾ മാഹിയിൽ വാടകക്ക് താമസിക്കുന്ന സ്ഥലത്ത് എത്തിയിരുന്നു.
മോഷണം നടന്ന വീട് ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്നും വളരെ അടുത്താണ്. റിട്ട. അധ്യാപികയുടെ വീട്ടിൽ സി.സി.ടി.വി കാമറയുള്ളതിനാൽ മോഷ്ടാവിന്റെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. മാഹി സർക്കിൾ ഇൻസ്പെക്ടർ എം.ഡി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മുണ്ടോക്കിൽ വെച്ച് പ്രതിയെ പിടികൂടിയത്.
പ്രതിയുമായി എത്തിയ പൊലീസ് സംഘം റിട്ട. അധ്യാപികയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വീട്ടിൽ തെളിവെടുപ്പ് നടത്തി. കിടപ്പ് മുറിയിലെ അലമാര വലിച്ചിട്ട നിലയിലായിരുന്നു. ഇതിൽ സുക്ഷിച്ച പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. 60,000 രൂപയിലേറെ വിലയുള്ള ഐ ഫോണാണ് പ്രതി മോഷ്ടിച്ചത്.
അഞ്ച് പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാരുടെ പരാതി ലഭിച്ചെങ്കിലും പ്രതിയിൽനിന്ന് കണ്ടെടുക്കാനായില്ല. ബാലനെ ചെവ്വാഴ്ച പുതുച്ചേരി ജുവൈനൽ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകും. അക്രമണത്തിനിയായ മീരാ റോക്കിയെ മാഹി ഗവ. ജനറൽ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.