മാഹി ബൈപാസിൽ ഡ്രൈവിങ് അഭ്യാസം; ഭീതിപടർത്തി മത്സരയോട്ടം
text_fieldsമാഹി: ഇനിയും തുറക്കാത്ത മുഴപ്പിലങ്ങാട് -മാഹി ബൈപാസ് പാതയിൽ കൗമാരക്കാരുടെ ബൈക്ക് -കാർ ഡ്രൈവിങ് അഭ്യാസം. വാഹനമോടിക്കാൻ ലൈസൻസ് കിട്ടിയതിന്റെ ആവേശത്തിലും ആഹ്ലാദത്തിലും കഴിഞ്ഞ കുറേ മാസങ്ങളായി രാവിലെയും വൈകീട്ടും ഇരുചക്രവാഹനങ്ങളുമായി നിരവധിയാളുകൾ ബൈപാസിലെത്തുന്നുണ്ട്.
വേനലവധിയായതിനാൽ കൂട്ടുകാരുമൊത്താണ് ബൈക്കിലുള്ള അപകടകരമായ അഭ്യാസങ്ങൾ നടത്തുന്നത്. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരടക്കം ഭീതിയോടെ കടന്നുപോവേണ്ട സ്ഥിതിയാണ്. രണ്ടോ മൂന്നോ ഇരു ചക്രവാഹനങ്ങൾ മത്സരിച്ച് സാഹസികമായി വാഹനമോടിക്കുന്നത് കാഴ്ചക്കാരെ ഭയപ്പാടിലാക്കുന്നുണ്ട്.
താഴെ ചൊക്ലി -മാഹിപ്പാലം റോഡിൽ കണ്ണൂർ ഭാഗത്തേക്ക് നിയന്ത്രണമുണ്ട്. അതിരാവിലെയായതിനാൽ പൊലീസ് പരിശോധനയുണ്ടാകില്ലെന്ന ധാരണയും അഭ്യാസങ്ങൾക്ക് കാരണമാകുന്നുണ്ട്. മാഹി -ചോമ്പാല -പള്ളൂർ പൊലീസ് ഉദ്യോഗസ്ഥർ ഇടവിട്ട ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തിയാൽ അമിത വേഗത്തിന് തടയിടാനാവും.
അപകടമില്ലാതാക്കാനും കഴിയുമെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. യാത്ര നിരോധിച്ചിട്ടുള്ള പാതയിൽ ബൈക്ക് റൈസിങ് നടത്തുന്നത് തടയാൻ അധികൃതർ തയാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. സർവിസ് ആരംഭിക്കാത്ത ബൈപാസിൽ അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാനാവില്ല.
കഴിഞ്ഞദിവസം രാത്രി 10.30 ഓടെ അമിതവേഗതയിൽ എതിർദിശയിൽ നിന്നെത്തിയ ബൈക്കിടിച്ച് ചൊക്ലി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ ഡീസൽ ടാങ്ക് ഉൾപ്പെടെ തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.