മാഹിയിൽ കോഓപറേറ്റീവ് വകുപ്പ് അനാസ്ഥ; നശിക്കുന്നത് കോടികളുടെ സമ്പത്ത്
text_fieldsമാഹി: ആശുപത്രി കവലയിൽ ദേശീയപാതയോരത്തെ ഇരുനില കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ച് ഏതു നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ അപകട ഭീഷണിയാകുന്നു. മാഹിയിലെ ആദ്യത്തെ സഹകരണ സ്ഥാപനമായ മാഹി എംപ്ലോയിസ് കോഓപ് സൊസൈറ്റിയുടെതാണ് ഈ കെട്ടിട സമുച്ചയം. ഭരണസമിതിയുടെ നിയന്ത്രണത്തിൽ ഒരു കാലത്ത് ലാഭകരമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം, അംഗങ്ങൾ വേർതിരിഞ്ഞ് കോടതി അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാക്കിയതോടെയാണ് ഈ ഗതിവന്നത്. 1989-90 ൽ തുടങ്ങിയ ഉദ്യോഗസ്ഥ ഭരണം 2020 ഓടെ ലിക്വിഡേഷനിലെത്തി. ടെക്സ്റ്റൈൽ, സ്റ്റേഷനറി, ഗ്രോസറി, റേഷൻ സാധനങ്ങൾ വരെ ക്രഡിറ്റ് സൗകര്യത്തിൽ നൽകിയിരുന്ന സ്ഥാപനമാണ് നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. പുതുച്ചേരി സഹകരണ ബാങ്കിന്റെ ശാഖയും കെട്ടിടത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് മുമ്പത്തെ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹിയിലും പള്ളൂരിലും നല്ല നേട്ടമുണ്ടാക്കി. മാഹിയിൽ പുതിയ പുതിയ കെട്ടിടങ്ങൾ നിർമിച്ചു, പള്ളൂരിൽ വാങ്ങിയ ഭൂമി ഇപ്പോഴും സൊസൈറ്റിയുടെ പേരിൽ തന്നെയുണ്ട്. 14 വിൽപന കേന്ദ്രങ്ങളിലായി 30 ലേറെ ജീവനക്കാർ ഉണ്ടായിരുന്നു. റേഷൻ വിതരണം നിലച്ചതോടെയാണ് ജീവനക്കാർക്ക് ജോലി നഷ്ടമായത്.
സർക്കാരിൽ നിന്ന് ലക്ഷങ്ങൾ ഗ്രാന്റ് കിട്ടുമ്പോൾ അത് സ്ഥാപനത്തിന്റെ വളർച്ചക്കായി ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും അംഗങ്ങളായിരുന്നവർ ഓർക്കുന്നു. ജീർണാവസ്ഥയിലുള്ള കെട്ടിടവും പൊളിച്ചു നീക്കി ആശുപത്രിയിലേക്കുള്ള വഴി വീതി കൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരുവശത്ത് ദേശീയപാതയും മറു വശത്ത് മാഹി ആശുപത്രിയിലേക്കുള്ള പ്രധാന പാതയുമാണ് ഇവിടെ.
വിദ്യാർഥികളടക്കം നൂറുകണക്കിനുപേർ കാൽനടയായും വാഹനം മുഖേനയും പോവുന്ന വഴിയിലാണ് ചോർന്നൊലിച്ച് അപകടഭീഷണിയായി കെട്ടിടം നിലനിൽക്കുന്നത്. നഷ്ടത്തെ തുടർന്ന് അടച്ചുപൂട്ടിയ സഹകരണ സൊസൈറ്റി കെട്ടിടവും സ്ഥാപനത്തിന്റെ ലോറിയും ആരും നോക്കാനില്ലാതെ അനാഥമായി കിടക്കുന്ന അവസ്ഥയും മാറാൻ പുതുച്ചേരി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.