മാഹിയിൽ തെരഞ്ഞടുപ്പ് ഏപ്രിൽ 19ന്, വോട്ടർമാർ 31,010
text_fieldsമാഹി: പുതുച്ചേരി ലോക്സഭ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ തെരഞ്ഞടുപ്പ് ഏപ്രിൽ 19 ന് നടക്കുമെന്ന് അസി. റിട്ടേണിങ് ഓഫിസർ കൂടിയായ റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അറിയിച്ചു.
നാമനിർദേശം നൽകാനുള്ള അവസാന ദിവസം 27 ഉം സൂക്ഷ്മപരിശോധന 28നും നടക്കും. പിൻവലിക്കുവാനുള്ള അവസാനദിനം 30 ആണ്. വേട്ടെടുപ്പ് 19 നും വോട്ടെണ്ണൽ ജൂൺ നാലിനുമാണ്. മാഹിയിലെ 31,010 വോട്ടർമാരിൽ 14,357പുരുഷന്മാരും 16,653 സ്ത്രീകളുമാണ്. ആകെയുള്ള 31 പോളിങ് സ്റേഷനുകളിൽ പള്ളൂർ വി.എൻ.പി ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാതൃക പോളിങ് സ്റ്റേഷനായിരിക്കും.
ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ ബൂത്ത് യുവാക്കളും മാഹി സി.ഇ.ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബൂത്ത് വനിതകളും മാഹി ഗവ.എൽ.പി.സ്കൂൾ ബൂത്ത് ശാരീരിക വൈകല്യമുള്ളവരും നിയന്ത്രിക്കും. മാഹിയുടെ അതിർത്തികളിൽ ആറ് ചെക്ക് പോസ്റ്റുകളും ഫ്ലൈയിങ് സ്ക്വാഡുകളും പ്രവർത്തനമാരംഭിച്ചു.
മാഹിയിൽ ചുവർ പരസ്യങ്ങൾക്ക് അനുമതി നൽകില്ല. ഇലക്ട്രോണിക്ക് മീഡിയകളിലൂടെയുള്ള സ്ഥാനാർഥികളുടെ പ്രചാരണം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തി.
അനുമതിയില്ലാതെയുള്ള പ്രചരണങ്ങൾ നിയമവിരുദ്ധമാണ്. 85ന് മുകളിലുള്ള മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ, കോവിഡ് ബാധിതർ എന്നിവർക്ക് വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും.
മാഹി ഗവ. ഹൗസിൽ ഇലക്ഷൻ ഓഫിസ് പ്രവർത്തിക്കും. പരാതികൾ അറിയിക്കാനും വിവരങ്ങൾ ൽകാനും1950 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. വാർത്തസമ്മേളനത്തിൽ പ്രശാന്ത് കുനിയിൽ, പി.പ്രവീൺ കുമാർ എന്നിവരും സംബന്ധിച്ചു.
സി-വിജില്‍ ആപ്: ചട്ടലംഘനം; 152ല്‍ 140 പരാതികളും തീര്‍പ്പാക്കി
കണ്ണൂർ: മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാനുള്ള സി-വിജില്‍ ആപ്പില്‍ ഇതുവരെ ലഭിച്ചത് 152 പരാതികള്‍. ഇതില്‍ 140 എണ്ണവും തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി. ആറെണ്ണം നടപടികള്‍ പുരോഗമിക്കുന്നു. മൂന്ന് പരാതികള്‍ പെരുമാറ്റ ചട്ടലംഘനമല്ലെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കി.
പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പകര്‍ത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സി-വിജില്‍ ആപ്പ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. പേര് വെളിപ്പെടുത്തിയാണ് പരാതി നല്കുന്നതെങ്കില് മൊബൈല്‍ നമ്പര്‍ നല്‍കണം.
ഫോണില്‍ ലഭിക്കുന്ന നാലക്ക ഒ.ടി.പിയും അടിസ്ഥാന വിവരങ്ങളും നല്കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലെങ്കില് അജ്ഞാതന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കണം. അജ്ഞാത പരാതികളുടെ തുടര്‍നടപടികള്‍ അറിയാനാകില്ല. തുടര്‍ന്ന് ഫോട്ടോ, വിഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം.
അപ്പോള്‍ തന്നെ പരാതിക്കാരന്റെ ലൊക്കേഷന്‍ ആപ്പില്‍ രേഖപ്പെടുത്തും. ഫോട്ടോ/വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം സമര്‍പ്പിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ആപ്പില്‍ പ്രവേശിച്ച് അഞ്ച് മിനിറ്റിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ സമയപരിധി അവസാനിക്കും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ആപ് തുറന്ന് പരാതി നല്‍കാം. ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമര്‍പ്പിക്കണം.
സഞ്ചരിച്ചുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ മാറാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണ സ്ക്വാഡിന് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാകും.
പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയാകും. പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനര്‍, പോസ്റ്ററുകള്‍ സ്ഥാപിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍/ഭീഷണിപ്പെടുത്തല്‍, മതപരമോ വര്‍ഗീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികള്‍ ആപ്പിലൂടെ നല്‍കാനാകും. സി- വിജില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കലക്ടറേറ്റില്‍ കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: 9188406486, 9188406487.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.