വനിത ഉദ്യോഗസ്ഥർക്ക് പ്രാമുഖ്യം നൽകി മാഹിയിൽ തെരഞ്ഞെടുപ്പ്
text_fieldsമാഹി: പുതുച്ചേരി ലോക്സഭ മണ്ഡലത്തിലെ മാഹിയിൽ വനിത ഉദ്യോഗസ്ഥർക്ക് പ്രാമുഖ്യം നൽകി തെരഞ്ഞെടുപ്പ് നടത്തും. മാഹിയിലെ 31 പോളിങ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പ്രിസൈഡിങ് ഓഫിസർ മുതൽ പോളിങ് ഓഫിസർ വരെയുള്ള നാലുപേരും വനിത ഉദ്യോഗസ്ഥരായിരിക്കും. ഇവരാണ് 19 ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. ക്രമസമാധാന പാലനത്തിനും വനിതകളെ പരിഗണിക്കുന്നതായും സൂചനയുണ്ട്. സെക്ടർ ഓഫിസർമാരായും അസി. റിട്ടേണിങ് ഓഫിസ് ജോലികളും മറ്റുള്ളവർ ആറ് ചെക്പോസ്റ്റുകളിൽ മൂന്ന് ഷിഫ്റ്റുകളിലായും പുരുഷ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. ഒമ്പത് ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള മാഹിയിൽ 31,010 വോട്ടർമാരിൽ 16,653 പേർ സ്ത്രീകളും 14,357 പുരുഷന്മാരുമാണ്. പള്ളൂർ വി.എൻ.പി ജി.എച്ച്.എസ്.എസ് ബൂത്ത് മാതൃക ബൂത്തും മാഹി ജി.എൽ.പി.എസ്, ചാലക്കര യു.ജി.എച്ച്.എസ്, മാഹി സി.ഇ.ബി സ്കൂൾ എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകൾ യഥാക്രമം ഭിന്നശേഷിക്കാർ, യുവാക്കൾ, വനിതകൾ എന്നിവരുടെ നിയന്ത്രണത്തിലുമായിരിക്കും.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ പുതുച്ചേരിയിൽ മത്സരചിത്രം തെളിഞ്ഞു. 26 സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. മാഹിയുടെ തെക്കും വടക്കുമുള്ള കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലാണ് പ്രധാന മത്സരം. അതേസമയം, മാഹിയിൽ ഇരു പാർട്ടികളും ബി.ജെ.പി മുന്നണിക്കെതിരെ കൈകോർത്ത് പ്രവർത്തിക്കും.
തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ ഡി.എം.കെ നയിക്കുന്ന മുന്നണിയിലാണ് സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ. അതേമുന്നണി തന്നെയാണ് പുതുച്ചേരിയിലും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എ.ഐ.എ.ഡി.എം.കെ തനിച്ചാണ് മത്സരിക്കുന്നത്. ഇൻഡ്യ മുന്നണി സ്ഥാനാർഥി വി. വൈദ്യലിംഗം മുൻ മുഖ്യമന്ത്രിയും നിലവിലെ എം.പിയുമാണ്. എൻ.ആർ കോൺഗ്രസ് -ബി.ജെ.പി സർക്കാറിലെ ആഭ്യന്തര -വിദ്യാഭ്യാസമന്ത്രി എ. നമശിവായമാണ് മുഖ്യ എതിരാളി.
ഏഴ് അതിജാഗ്രത
ബൂത്തുകൾ
പൂഴിത്തല കമ്യൂണിറ്റി ഹാൾ, ചെറുകല്ലായി ജി.എൽ.പി.എസ്, ചെമ്പ്ര ജി.എൽ.പി.എസ്, അംബേദ്കർ സ്കൂൾ, ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ വായനശാല, ജി.എൽ.പി.എസ് പന്തക്കൽ, ജി.എൽ.പി.എസ് മൂലക്കടവ് എന്നിവിടങ്ങളിൽ വോട്ടർമാരുടെ എണ്ണം കൂടുതലായതിനാൽ അതിജാഗ്രത ബൂത്തുകളായി കണക്കാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.