മാഹിക്ക് അഭിമാനമായി ഫാബിദ്: പുതുച്ചേരിക്ക് തുടർച്ചയായി രണ്ടാം വിജയം
text_fieldsമാഹി: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്ക് തുടർച്ചയായി രണ്ടാം വിജയം. വിജയത്തിന് വഴിയൊരുക്കിയ ഫാബിദ് മാഹിക്ക് അഭിമാനമായി മാറി. തമിഴ്നാടിനെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 225 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് ഫാബിദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പുതുച്ചേരിക്ക് മികച്ച വിജയം സമ്മാനിച്ചത്.
ഇന്നിങ്സ് അവസാനിക്കുമ്പോൾ പുറത്താകാതെ ഫാബിദ് 87 റൺസ് നേടിയിരുന്നു. തമിഴ്നാടിെൻറ ഇന്ത്യൻ താരം വാഷിങ്ടൺ സുന്ദറിെൻറ ഉൾപ്പെടെ രണ്ട് വിക്കറ്റുകൾ കൂടി നേടി ടീമിന് ഒരു റൺസിെൻറ ഉജ്ജ്വല വിജയം സമ്മാനിച്ച് കളിയിലെ താരമായി. മുംബൈക്കെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 157 റൺസിന് പുറത്തായെങ്കിലും മുംബൈയെ 139 റൺസിന് പുറത്താക്കി 18 റൺസിെൻറ അവിസ്മരണീയ വിജയം പുതുച്ചേരി സ്വന്തമാക്കുകയായിരുന്നു. പുതുച്ചേരിക്കുവേണ്ടി 10 ഓവറിൽ ഒരു മെയ്ഡിൻ ഓവർ ഉൾപ്പെടെ 16 റൺസിന് മുംബൈയുടെ ഇന്ത്യൻ താരം ജൈസ്വാൽ ഉൾപ്പെടെ നാല് വിക്കറ്റുകൾ കൊയ്ത് ഫാബിദ് വീണ്ടും കളിയിലെ താരമായി മാറുകയായിരുന്നു.
മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ തബ്സമിൽ സി.ടി.കെ. ഫാറൂക്കിെൻറയും സജ്നയുടെയും മകനായ ഫാബിദ് 14 വയസ്സുമുതൽ കേരള ക്രിക്കറ്റ് ടീമിെൻറ ഭാഗമാണ്.
കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിച്ച ഫാബിദ് അഞ്ചുവർഷമായി പുതുച്ചേരിക്ക് വേണ്ടി കളിച്ചുവരുകയാണ്. ഈ കാലയളവിൽ പുതുച്ചേരിക്കുവേണ്ടി ഡബ്ൾ സെഞ്ച്വറി ഉൾപ്പെടെ നിരവധി നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.