പ്രവൃത്തികൾക്ക് അതിവേഗം: തലശ്ശേരി -മാഹി ബൈപാസ് ഉടൻ തുറക്കും
text_fieldsമാഹി: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം. മുഴപ്പിലങ്ങാട് -മാഹി ബൈപാസ് പാത ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ ഇനി ആഴ്ചകൾ മാത്രം. പാതയിൽ അവശേഷിക്കുന്ന രണ്ടിടത്തെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാൻ പാതയിൽ രാപ്പകൽ പ്രവൃത്തി നടക്കുകയാണ്. ഇത് കൂടി പൂർത്തീകരിച്ച് 2024 ആദ്യം തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തേക്കും. 18.6 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മാഹി റെയിൽവേ മേൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ബാലത്തിൽ പാലത്തിന്റെ പ്രവൃത്തിയുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഈ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണെന്ന് കരാർ കമ്പനി അറിയിച്ചു.
ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020 ൽ ഇതിന്റെ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കാൻ സമയമെടുത്തത്. 900 മീറ്റർ നീളമായിരുന്നു പാലത്തിന്റേത്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ദേശീയപാത വിഭാഗം പാലത്തിന്റെ നീളം വീണ്ടും 66 മീറ്റർ കൂടി നീട്ടുകയാണുണ്ടായത്. ഇതിന്റെ പ്രവൃത്തി രാത്രി വൈകും വരെ നടക്കുകയാണ്. രണ്ടാഴ്ച കൊണ്ട് ഈ പാലത്തിന്റെ ഉപരിതലത്തിൽ കോൺക്രീറ്റിങ്ങും തുടർന്ന് ടാറിങ്ങും ചെയ്യും. മാഹി അഴിയൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തികൾ റെയിൽവേ ഉദ്യോഗസ്ഥരും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്താണ് നടത്തുന്നത്. 42 ഗർഡറുകൾ സ്ഥാപിക്കൽ പൂർത്തിയായി. അനുബന്ധ പ്രവൃത്തികൾ ഇടക്കിടെ ഇലക്ട്രിക്ക് ലൈൻ ഓഫാക്കിയാണ് റെയിൽവേ നടത്തുന്നത്.
സൈൻ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. പാതയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത് കൊളശ്ശേരിക്കും ബാലത്തിനും ഇടയിൽ ടോൾ പ്ലാസയിലാണ്. അടിപ്പാതകളിലും ലൈറ്റുകൾ പ്രകാശിപ്പിച്ചു. പാത ഒട്ടാകെ തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. അത് അവസാന ഘട്ടത്തിൽ നടത്തുമെന്നാണ് സൂചന. സർവീസ് റോഡുകൾ, അടിപ്പാതകൾ, പെയിന്റിങ്, മിഡിയൻ നിർമാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം പണിതു കഴിഞ്ഞു. കെൽട്രോൺ കമ്പനിയാണ് ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ലൈറ്റുകളുടെ പ്രവൃത്തി നടത്തിയത്. പ്രവൃത്തി തീർക്കാനുള്ള രണ്ടിടങ്ങളിലും മെഷിനറി വർക്കാണ് കൂടുതലുള്ളത്. മുഴപ്പിലങ്ങാട് ടോൾ ബുത്തിന് സമീപത്ത് നിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ. എച്ച്.എസ്.എസ് വരെയുളള പാതയുടെ നീളം 18.600 മീറ്ററാണ്.
മാഹി, തലശ്ശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. തലശ്ശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാമെന്നതാണ് മറ്റൊരു സൗകര്യം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഇ.കെ.കെ കമ്പനിക്കാണ് നിർമാണ ചുമതല. 2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാൽ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ രണ്ട് വർഷം നീണ്ടുപോയി. ദേശീയപാത വിഭാഗവും കേരള പൊതുമരാമത്ത് വകുപ്പ് അധികൃതരും ഉടനടി പാത ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.