മൂലക്കടവിൽ പെട്രോൾ പമ്പുകൾക്ക് സമീപം തീപിടിത്തം
text_fieldsമാഹി: പന്തക്കൽ മൂലക്കടവിലെ മൂന്ന് പെട്രോൾ പമ്പുകൾ തൊട്ടൊരുമ്മി പ്രവർത്തിക്കുന്ന സമീപത്തുള്ള പറമ്പിലെ അടിക്കാടിന് തീപിടിച്ചത് പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കി. പുതുച്ചേരി വൈദ്യുതി വകുപ്പിന്റെ ഹൈടെൻഷൻ ലൈനിൽ ഉണങ്ങിയ തെങ്ങോല വീണതിനെ തുടർന്നാണ് സംഭവം. ഉടൻ ലൈനുകൾ കൂട്ടിയുരസി ഓലക്ക് തീപിടിച്ചു. കത്തിയ ഓല പെട്രോൾ പമ്പുകൾക്ക് സമീപത്തെ പറമ്പിൽ കാടുപിടിച്ച പറമ്പിലേക്ക് വീഴുകയുമായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 1.30നായിരുന്നു സംഭവം. ഉടൻ കാടുകൾ ആളിക്കത്തുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാർ പന്തക്കൽ പൊലീസ് ഔട്ട് പോസ്റ്റിലും മാഹി അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചു. ഉടൻ എത്തിയ പന്തക്കൽ പൊലീസും പെട്രോൾ പമ്പ് ജീവനക്കാരും ആളിക്കത്തുന്ന തീ ഒരുവിധം കെടുത്തി. മാഹിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേന തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. പെട്രോൾ പമ്പുകളിൽ പുക കയറിയതോടെ ഇന്ധനം നിറക്കുവാൻ വാഹനവുമായി എത്തിയവരും ഭീതിയിലായി.
വർഷങ്ങൾക്ക് മുമ്പ് വലക്കമ്പനി പ്രവർത്തിച്ച ഈ പറമ്പിൽ കാടുകൾ ഇടതൂർന്ന് വളർന്നിട്ടുണ്ട്. പറമ്പിൽനിന്ന് പാതയോരത്തേക്ക് ചരിഞ്ഞുനിൽക്കുന്ന തെങ്ങിൽനിന്ന് ഉണങ്ങിയ ഓലകൾ ഇടക്കിടെ വൈദ്യുതിലൈനിൽ വീഴുന്നത് നിത്യസംഭവമാണ്. പന്തക്കൽ പ്രദേശത്തെ വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പുകളും ഓലകളും മുറിച്ചുമാറ്റണമെന്ന് മുൻ കൗൺസിലർ കെ.വി. മോഹനൻ അധികൃതരോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.