മാഹിയിൽ മോഹിപ്പിക്കും ഇന്ധന വില
text_fieldsമാഹി: ഇന്ധന വിലയിലെ വലിയ വ്യത്യാസം കാരണം കഴിഞ്ഞ 10 മാസത്തോളമായി മാഹിയിലേക്ക് കേരള വാഹനങ്ങളുടെ ഒഴുക്കാണ്. പെട്രോൾ, ഡീസൽ എന്നിവക്ക് രണ്ടു രൂപ സെസ് ഈടാക്കാനുള്ള കേരള ബജറ്റ് നിർദേശം യാഥാർഥ്യമായാൽ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ തിരക്ക് ഇനിയും കൂടുമെന്ന കണക്കുകൂട്ടലിലാണ് ഡീലർമാരും പമ്പുടമകളും. ഇതോടെ ഗതാഗതക്കുരുക്കിൽ മാഹി വീർപ്പുമുട്ടുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചശേഷം എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല. തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് വിൽപന നികുതി കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കേരളം തയാറായില്ല. അതേസമയം, കേന്ദ്രഭരണപ്രദേശമായ മാഹിയിൽ പുതുച്ചേരി സർക്കാർ നികുതി കുറച്ചതോടെ കേരളവുമായി ഇന്ധന വിലയിലെ അന്തരം കൂടി. ഇതോടെ മാഹി മേഖലയിൽ ഇന്ധന വിൽപന ഇരട്ടിയിലധികമായി.
മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയുള്ളപ്പോൾ കേരളത്തിൽ 105.85 രൂപയാണിപ്പോൾ, 12 രൂപയുടെ കുറവ്. ഡീസലിന് മാഹിയിൽ 83.72 രൂപയുള്ളപ്പോൾ കേരളത്തിൽ 94.80 രൂപയാണ്, 11 രൂപയുടെ കുറവ്. ഈ സാഹചര്യത്തിലാണ് മാഹിയിലേക്ക് ഇന്ധനത്തിനായി വാഹനങ്ങളുടെ ഒഴുക്ക് തുടരുന്നത്. ഇവിടെനിന്ന് ഇന്ധനക്കടത്തും തകൃതിയാണ്. ഇതിനിടെയാണ് വീണ്ടും കേരളത്തിൽ രണ്ടു രൂപ കൂട്ടാൻ ബജറ്റിൽ നിർദേശം. ഇത് യാഥാർഥ്യമായാൽ അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നു മുതൽ പെട്രോൾ ലിറ്ററിന് 14 രൂപയുടെയും ഡീസലിന് 13 രൂപയുടെയും അന്തരമാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.