മാഹിയിൽ വീണ്ടും മാലിന്യശേഖരണ വണ്ടികളെത്തി
text_fieldsമാഹി: മാഹിയിലെ സ്ഥാപനങ്ങളിൽനിന്ന് മാലിന്യശേഖരണം പുനരാരംഭിച്ചു. തൊഴിലാളികൾ രണ്ടാഴ്ചയോളമായി എത്തുന്നില്ലെന്ന വാർത്ത കഴിഞ്ഞ ദിവസം ‘മാധ്യമം’ നൽകിയിരുന്നു. ശനിയാഴ്ച സ്വച്ഛ് ഭാരത് ഗാനവും മുഴക്കിയാണ് വാഹനം മാലിന്യം ശേഖരിക്കാനെത്തിയത്. ഇത് വ്യാപാരികൾക്ക് ജാഗ്രത പുലർത്താൻ സഹായകവുമായി.
അതേസമയം, മാലിന്യങ്ങൾ കെട്ടിയ ചാക്ക് അഴിച്ച് പരിശോധിച്ചപ്പോൾ സിമന്റുപൊടി, പൂഴി, പുല്ല്, ഭക്ഷണ മാലിന്യങ്ങൾ എന്നിവ കണ്ടെത്തി. വിൽപനക്കായി എത്തുന്ന മിക്ക ഫാൻസി ലൈറ്റുകളും പുല്ലിൽ പൊതിഞ്ഞാണ് എത്തുന്നതെങ്കിലും സിമന്റ് പൊടിയും പൂഴിയും നഗരസഭയുടെ മാലിന്യവണ്ടിയിൽ സ്വീകരിക്കില്ല.
ജൈവ മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും ചാക്കുകളിൽ ഉൾപ്പെട്ടത് കരാർ കമ്പനിക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. മുൻ കാലങ്ങളിൽ മാലിന്യം നിറച്ച ചാക്കുകളിൽ പൊട്ടിയ ടൈലുകളും സിമന്റ് കട്ടകളും ലഭിച്ചിട്ടുണ്ടെങ്കിലും തങ്ങൾ ഇതുവരെ പരാതിപ്പെട്ടിരുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഇത് അവസാനിപ്പിക്കാൻ നടപടിയുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.
സ്വച്ഛ് ഭാരത് ഗാനത്തോടൊപ്പം, പൊതുജനങ്ങൾ മാലിന്യങ്ങൾ നൽകുമ്പോൾ അനുവർത്തിക്കേണ്ട നിർദേശങ്ങളും അനൗൺസ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കൂട്ടിയിട്ട് കത്തിക്കുന്നത് തടയാൻ മാഹി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യശേഖരണത്തിലൂടെ സാധ്യമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.