സ്കൂളിൽനിന്ന് വിനോദയാത്ര പോയ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; ഞെട്ടൽ മാറാതെ കുട്ടികൾ
text_fieldsമാഹി: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും സ്കൂൾ വിദ്യാർഥികളുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 8.30ഓടെ മാഹി പൂഴിത്തല പഴയ ഷനീന ടാക്കീസിന് മുന്നിലായിരുന്നു അപകടം.
തളിപ്പറമ്പിൽനിന്ന് അടിമാലിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് മറ്റൊരു ടി.ടി ബസിനെ മറികടന്ന് പോയതാണ് സ്കൂൾ ബസുമായി കൂട്ടിയിടിക്കാനിടയായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയിലെ പുത്തൂർ ജി.യു.പി സ്കൂളിൽനിന്ന് പഠനയാത്രക്കായി പുറപ്പെട്ട 33 വിദ്യാർഥികളും അധ്യാപകരുമാണ് ബസിലുണ്ടായത്. പരിക്കേറ്റ ആറാം ക്ലാസ് വിദ്യാർഥിനികളായ സുമയ്യ (11), ഹനാന ഹന്ന (11), ഹംദാൻ (12) എന്നിവർ മാഹി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മറ്റൊരു വിദ്യാർഥി ഹാഫിസിന് (14) കണ്ണിന് പരിക്കേറ്റതിനാൽ മാഹിയിൽനിന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് കാലിന് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കണ്ണൂർ വിസ്മയ പാർക്കിലേക്ക് പോകുകയായിരുന്ന ബസിൽ 33 കുട്ടികളാണ് ഉണ്ടായിരുന്നത്. പാട്ടും കളിചിരിയുമായി മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു അപകടം.
മത്സ്യതൊഴിലാളികൾ ഓടിയെത്തിയാണ് പരിക്കേറ്റ കുട്ടികളെയും സൂപ്പർഫാസ്റ്റ് ബസ് യാത്രക്കാരെയും ബസുകളിൽനിന്ന് പുറത്തിറക്കി ആശുപത്രിയിലേക്ക് എത്തിച്ചത്. ഓട്ടോ ഡ്രൈവർ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികളും സഹായത്തിനെത്തി. സാമൂഹിക പ്രവർത്തകരായ യുവാക്കൾ പരിക്കുകളില്ലാത്ത 28 കുട്ടികളെയും സമീപത്തെ ഫാത്തിമ മദ്റസയിലെത്തിച്ചു. പൂഴിത്തലയിലുള്ള വീട്ടമ്മമാരാണ് പരിചരിച്ചത്.
മാഹി, ചോമ്പാല പൊലീസ് അപകടസ്ഥലത്തെത്തി. ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിലൂടെയും കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ളവ ചൊക്ലി വഴിയും തിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.