മാഹിപാലം: ദേശീയപാത അധികൃതരുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതി
text_fieldsമാഹി: ശോച്യാവസ്ഥയിലായ മാഹി പാലത്തിന്റെ കാര്യത്തിൽ ദേശീയപാത അധികൃതർ സമർപ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. മയ്യഴിക്കൂട്ടം നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് പാലം സുരക്ഷിതമാണെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) സത്യവാങ്മൂലം സമർപ്പിച്ചത്. ശാസ്ത്രീയ പഠനം നടത്താതെയാണ് പരാതിക്കാരായ മയ്യഴിക്കൂട്ടം മാഹിപാലം അപകടാവസ്ഥയിലാണെന്ന് ഹരജി നൽകിയതെന്നും എൻ.എച്ച്.എ.ഐ കോടതിയെ അറിയിച്ചിരുന്നു.
മാഹി പാലം വിഷയത്തിൽ അധികൃതർ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ രേഖകൾ ഹൈകോടതിക്ക് നൽകണം. ഭാരവാഹനങ്ങൾ പാലത്തിലൂടെ കടന്ന് പോകുന്നത് സുരക്ഷിതമാണെന്ന് അധികൃതർ എന്ത് അടിസ്ഥാനത്തിലാണ് ഉറപ്പു നൽകുന്നതെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
മാഹി പാലത്തിലൂടെയുള്ള യാത്രാദുരിതം അവഗണിക്കുന്ന സാഹചര്യത്തിലാണ് തലശ്ശേരി- മാഹി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തണം തുടങ്ങിയ ആവശ്യവുമായി മയ്യഴിക്കൂട്ടം പൊതു താൽപര്യ ഹരജിയുമായി ഹൈകോടതിയിലെത്തിയത്. മയ്യഴിക്കൂട്ടത്തിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ മനോജ് വി.ജോർജ് കോടതിയിൽ ഹാജരായി. മാഹി പാലം വിഷയത്തിൽ ദേശീയപാത അധികൃതരുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണമെന്ന് മയ്യഴിക്കൂട്ടത്തിന് വേണ്ടി ഹരജി നൽകിയ ഒ.വി. ജിനോസ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.