മാഹിപാലം അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിൽ
text_fieldsമാഹി:ശോച്യാവസ്ഥയിലായ മാഹിപാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നത് ഒച്ചിന്റെ വേഗത്തിലെന്ന് നാട്ടുകാരുടെ പരാതി. ഏപ്രിൽ 28ന് രാവിലെ അടച്ചിട്ട പാലത്തിന്റെ ഉപരിതലത്തിലെ ടാറിങ് നടത്തിയ ഭാഗം രണ്ട് ദിവസത്തിനകം നീക്കിയെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ തകർന്ന പഴയ എക്സ്പാൻഷൻ ജോയന്റുകൾ (സ്ട്രിപ് സീൽ) നീക്കം ചെയ്യുന്നതിന് ഏറെ സമയമെടുക്കുകയാണ്.
12 ദിവസത്തെ പ്രവൃത്തി കണക്കാക്കി 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, പാലത്തിന്റെ ഇളകിയ സ്ട്രിപ് സീലുകൾക്ക് പകരം പുതിയവ സ്ലാബുകൾക്കിടയിൽ പ്രത്യേകതരം കോൺക്രീറ്റിലാണ് ഉറപ്പിക്കുന്നത്. നാല് എക്സ്പാൻഷൻ ജോയന്റുകളാണ് മാറ്റുന്നത്. രണ്ട് ജോയന്റുകളിൽ പൂർണമായും മറ്റ് രണ്ട് ജോയന്റുകളിൽ പകുതി ഭാഗവുമാണ് പുതിയത് ഘടിപ്പിക്കുന്നത്.
കോൺക്രീറ്റ് പൊട്ടിച്ച് പഴയത് നീക്കാനാണ് ഏറെ സമയമെടുക്കുന്നത്. ഒരു ജോയന്റിന്റെ പ്രവൃത്തി പോലും ഇതുവരെ പൂർത്തിയായിട്ടില്ല. നാല് ജോയന്റുകളിലും ഇവ മാറ്റിയിട്ടാലും പുതുതായി കോൺക്രീറ്റ് ചെയ്ത ശേഷം മതിയായ ബലം ലഭിക്കുന്നതിന് ഒരാഴ്ചയിലേറെ സമയം വേണം. അതിന് ശേഷമാണ് ടാറിങ് പ്രവൃത്തി ചെയ്യുക.
പകൽ സമയം മാത്രമാണ് പ്രവൃത്തി നടക്കുന്നത്. 19.33 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്. പാലം അടച്ചത് കാരണം മേഖലയിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ഓർഡിനറി ബസുകൾ തലശ്ശേരിയിൽനിന്ന് മാഹി പാലം വരെയും വടകരയിൽ നിന്നുള്ളവ മാഹി പാലത്തിന് സമീപം വരെയും സർവിസ് നടത്തുന്നുണ്ട്.
മാഹിപള്ളി സ്റ്റോപ്പിൽനിന്ന് കോഴിക്കോട്ടേക്ക് ലിമിറ്റഡ് സ്റ്റോപ് ബസുകളും ഓടുന്നുണ്ട്. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പുൾപ്പെടെയുള്ള ദീർഘദൂര ബസുകൾ തലശ്ശേരിയിൽ ചിറക്കര ചോനാടത്തുനിന്ന് ബൈപാസിലൂടെ അഴിയൂരിൽ ദേശീയപാത വഴിയും തിരിച്ചും സർവിസ് നടത്തുന്നുണ്ട്.
ദേശീയപാതയിൽ ധർമടം പാലത്തിന് സമീപം കൊടുവള്ളിയിൽനിന്ന് മാഹി പാലം വരെയുള്ള 11 കി.മീറ്ററോളം ദൂരം ടാറിങ് പ്രവൃത്തിയും നടക്കുന്നുണ്ട്. രാത്രിയിൽ മാത്രമാണ് പ്രവൃത്തി നടക്കുന്നത്. തലശ്ശേരി ടൗണിലാണ് ഇപ്പോൾ ടാറിങ് നടക്കുന്നത്. 6.5 കോടി രൂപയുടെ ടാറിങ്ങും പാലത്തിന്റെ അറ്റകുറ്റപ്പണിയും കെ.കെ ബിൽഡേഴ്സാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.