മാഹി ബൈപാസ് ഒരുങ്ങുന്നു; മൂന്നു മാസത്തിനകം പ്രവൃത്തി പൂർത്തിയാവും
text_fieldsമാഹി: അര നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന്റെ സ്വപ്നസാക്ഷാത്കാരത്തിനൊരുങ്ങി മാഹി ബൈപാസ്. മൂന്നു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാവും. ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് മുഴപ്പിലങ്ങാട് -മാഹി ദേശീയപാത ജനുവരിയോടെ യാഥാർഥ്യമാകുന്നത്. പാത നിർമാണത്തിന് വിലങ്ങുതടിയായ മാഹി റെയിൽവേ സ്റ്റേഷന് തെക്ക് അഴിയൂർ ഭാഗത്ത് നിർമിക്കുന്ന റെയിൽവേ മേൽപാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി.
ട്രാക്കിന് മുകളിൽ മൂന്ന് സ്പാനുകളിലായി 14 ഗർഡറുകളാണ് വേണ്ടത്. ആദ്യഘട്ടത്തിൽ മൂന്ന് ഗർഡറുകളാണ് സ്ഥാപിക്കുന്നത്. റെയിൽവേയിലെ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഗർഡറുകൾ സ്ഥാപിക്കുന്നതെന്ന് പി.ആർ.ഒ പറഞ്ഞു.
പുറമെ അപ്രോച്ച് റോഡുകളുടെ ഇരുവശങ്ങളിലും 14 വീതം ഗർഡറുകൾ വേണം. തൊഴിലാളികൾ പകൽ മുഴുവൻ അനുബന്ധ ജോലികൾ പൂർത്തിയാക്കി അർധരാത്രിയോടെ പാലത്തിന് മുകളിൽ ഗർഡറുകൾ എത്തിച്ച് സ്ഥാപിക്കുകയാണ്. ജോലി പുലർച്ച അഞ്ചു വരെ നീളും. ഈ സമയം ഇരുഭാഗങ്ങളിലും തീവണ്ടികൾ പിടിച്ചിടും. റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പാളത്തിലെ ഇലക്ട്രിക് ലൈനുകൾ അഴിച്ചുമാറ്റി ഗർഡറുകളുടെ പ്രവൃത്തി നടത്തുന്നത്.
മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് അഴിയൂർ രണ്ടാം ഗേറ്റ് വഴിയുള്ള റോഡ് ഗതാഗതം നവംബർ ഒന്നു മുതൽ ജനുവരി 31 വരെ നിരോധിച്ചിട്ടുണ്ട്. പാത ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് നിർദേശിച്ചു.
ആറുവരി പാതയുടെ മുഴുവൻ പണിയും പൂർത്തിയായി. ബൈപാസിലെ 900 മീറ്റർ നീളമുള്ള പാലത്തിന്റെയും മാഹി അഴിയൂരിൽ നിർമിക്കുന്ന റെയിൽവേ മേൽപാലത്തിന്റെയും പ്രവൃത്തി വൈകുന്നതു കാരണമാണ് ബൈപാസ് പാത തുറന്നുകൊടുക്കുന്നത് നീണ്ടത്. നാലു വർഷം പിന്നിട്ടിട്ടും മുഴപ്പിലങ്ങാട് -മാഹി ബൈപാസ് പണി പൂർത്തിയാകാത്ത നിലയിലാണ്. തലശ്ശേരി ബാലത്തിലെ നീളം കൂടിയ പാലത്തിന്റെ പ്രവൃത്തി ജനുവരിയോടെ പൂർത്തിയാകുമെന്ന് കരാറെടുത്ത ഇ.കെ.കെ കമ്പനി പ്രതിനിധി പറഞ്ഞു.
പാലം നിർമാണത്തിനിടെ 2020ൽ ബീമുകൾ പുഴയിൽ പതിച്ചതിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ വൈകിയതും പ്രവൃത്തി നീളാൻ കാരണമായി. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 66 മീറ്റർ കൂടി പാലം നീട്ടുന്നുണ്ട്. ഈ പ്രവൃത്തിയാണ് ഇവിടെ പൂർത്തീകരിക്കാനുള്ളത്. സർവിസ് റോഡുകളുടെ പണി ഏകദേശം പൂർത്തിയായി.
സിഗ്നൽ, പെയിന്റിങ്, തിരിച്ചറിയൽ ബോർഡ്, റിഫ്ലക്ടർ, ലൈനിങ്, മീഡിയൻ നിർമാണം ഇവയെല്ലാം പൂർത്തിയായിട്ടുണ്ട്. പാതയുടെ അരികിൽ ക്രാഷ് ബാരിയറും പണിതു. മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപത്തുനിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ.എച്ച്.എസ്.എസ്.എസും അഴിയൂർ രജിസ്റ്റർ ഓഫിസും പിന്നിട്ട് കുഞ്ഞിപ്പള്ളി പഴയ നിരത്തു വരെ 18.6 കി.മീ ദൂരത്തിലാണ് ബൈപാസ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.