മാഹി ബൈപാസ്; റെയിൽവേ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കൽ പൂർണമായി
text_fieldsമാഹി: ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുഴപ്പിലങ്ങാട് - മാഹി ദേശീയപാതയിൽ റെയിൽവേ മേൽപാലത്തിൽ 14 ഗർഡറുകളും സ്ഥാപിച്ചു. മാഹി റെയിൽവെ സ്റ്റേഷന് തെക്ക് അഴിയൂർ ഭാഗത്ത് നിർമിക്കുന്ന റെയിൽവേ മേൽപാലത്തിലാണ് റെയിൽവേ സാങ്കേതിക വിദഗ്ധരുടെ മേൽ നോട്ടത്തിൽ ഇവ സ്ഥാപിച്ചത്. അപ്രോച്ച് റോഡിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇനി നടത്തേണ്ടത്. ഇതിന്റെ പ്രവൃത്തികളും തുടങ്ങി. പാളത്തിനു നേരെ മുകളിലുള്ള ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെങ്കിലും മറ്റുഭാഗങ്ങളിൽ സ്ഥാപിക്കുന്ന സമയത്ത് ആവശ്യമെങ്കിൽ ട്രെയിൻ ഗതാഗതത്തിൽ ക്രമീകരണം വേണ്ടി വന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽവേ മേൽപാലത്തിനായി 42 ഫാബ്രിക്കേറ്റഡ് കോംപസിറ്റ് ഗർഡുകളാണ് സ്ഥാപിക്കുന്നത്. ഇനി 28 ഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്. 600 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ട് കൂറ്റൻ ക്രെയിനുകൾ കൊണ്ടാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. പാലക്കാട് ഡിവിഷൻ അധികൃതരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ഇവിടെ ക്യാമ്പ് ചെയ്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുകയാണ്.
പാലത്തിനടിയിൽ റെയിൽവേ ഹൈപവർ ലൈൻ കടന്നുപോകുന്നതിനു മുകളിലായി കവചരൂപത്തിൽ ഷീറ്റ് ഘടിപ്പിക്കുന്ന ജോലിയും പൂർത്തിയായിട്ടുണ്ട്. ജനുവരിയോടെ മേൽപാലം പണി പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. ഇതിന് പുറമെ അപ്രോച്ച് റോഡുകളുടെ ഇരുവശങ്ങളിലും 14 വീതം ഗർഡറുകൾ വേണം. എൻ.എച്ച്.എ.ഐയുടെ ചുമതലയിലാണ് റോഡിന്റെ വശങ്ങളിലായി 28 ഗർഡറുകൾ സ്ഥാപിക്കുക. ഇവ കൂടാതെ ട്രാക്കിന്റെ പണി തീർന്നാൽ അതിന് മുകളിലായി രണ്ട് ഗർഡറുകളും സ്ഥാപിക്കണം.
മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് അഴിയൂർ രണ്ടാം ഗേറ്റ് വഴിയുള്ള (കാരോത്ത് ഗേറ്റ് )റോഡ് ഗതാഗതം നവംബർ ഒന്ന് മുതൽ 2024 ജനുവരി 31 വരെ 92 ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. ആറുവരി പാതയുടെ മുഴുവൻ പണിയും പൂർത്തിയായി. 2018 ഒക്ടോബർ 30നാണ് ബൈപാസ് പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. തലശേരി ബാലത്തിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ പണി അടുത്ത വർഷം ജനുവരിയോടെ പൂർത്തിയാകുമെന്ന് പ്രവൃത്തി കരാറെടുത്ത ഇ.കെ.കെ കമ്പനി പ്രതിനിധി പറഞ്ഞു. ബാലത്തിൽ പാലം നിർമാണത്തിനിടെ 2020ൽ ബീമുകൾ പുഴയിൽ പതിച്ചതിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ വൈകിയതും പ്രവൃത്തി നീളാൻ കാരണമായി. പാലത്തിന് 28 സ്പാനും 56 സ്ലാബുകളും വേണ്ടി വന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് 66 മീറ്റർ കൂടി പാലം നീട്ടി പണിയുന്നുണ്ട്. ഈ പ്രവൃത്തിയാണ് ഇവിടെ പൂർത്തീകരിക്കാനുള്ളത്. സർവിസ് റോഡുകളുടെയും പണി ഏതാണ്ട് പൂർത്തിയായി. സിഗ്നൽ, പെയിന്റിങ്, തിരിച്ചറിയൽ ബോർഡ്, റിഫ്ലക്ടർ, ലൈനിങ്, മീഡിയൻ നിർമാണം ഇവയെല്ലാം പൂർത്തിയായി. പാതയുടെ അരികിൽ ക്രാഷ് ബാരിയറും പണിതു കഴിഞ്ഞു. മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപത്ത് നിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ.എച്ച്.എസ്.എസ്.എസും അഴിയൂർ രജിസ്റ്റർ ഓഫിസും പിന്നിട്ട് കുഞ്ഞിപ്പള്ളി പഴയ നിരത്തു വരെ 18.6 കി.മി ദൂരത്തിലാണ് ബൈപാസ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.