നിലനില്പിനായുള്ള പോരാട്ടത്തിൽ മാഹി ഫ്രഞ്ച് ഹൈസ്കൂൾ
text_fieldsമാഹി: ഫ്രഞ്ച് വാഴ്ചക്കാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന മാഹി സെമിത്തേരി റോഡിലുള്ള ഏക ഫ്രഞ്ച് ഹൈസ്കൂൾ എക്കോല് സംത്രാല്‍ കൂര് കോംപ്ലമൊന്തേര് ഇന്ന് അധികൃതരുടെ കടുത്ത അവഗണനയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. എസ്.എസ്.എല്‍.സിക്ക് തുല്യമായ ഫ്രഞ്ച് ബ്രവെ പരീക്ഷയാണ് ഇവിടെ നടക്കുന്നത്. വര്‍ഷങ്ങളായി നൂറുമേനി വിജയം കൈവരിക്കുന്ന വിദ്യാലയമാണിത്.
പ്രധാനാധ്യാപകന്റെ കസേര ഒഴിഞ്ഞ് കിടപ്പാണ്. നാല് ഫ്രഞ്ച് ഭാഷാധ്യാപക തസ്തികകളിലും ആളില്ല. നിലവില്‍ പ്രൈമറി വിഭാഗം അധ്യാപകരാണ് ഹൈസ്കൂളിൽ ക്ലാസുകൾ എടുക്കുന്നത്. പ്രൈമറി അധ്യാപികക്കാണ് പ്രധാനാധ്യാപികയുടെ ചുമതല. മലയാളം, ഇംഗ്ലീഷ് ഭാഷകൾക്ക് സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകരെത്തിയാണ് ക്ലാസെടുക്കുന്നത്. ഫ്രഞ്ച് ഭാഷ പാഠ്യ പദ്ധതിയില്‍ ചിത്രം, സംഗീതം, കായികം എന്നിവ പാഠ്യവിഷയങ്ങളാണ്.
ആഴ്ചയിൽ രണ്ട് ദിവസം മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകരെത്തിയാണ് അധ്യാപനം. പ്രധാനാധ്യാപകന് ഉൾപ്പെടെ 11 പേർ വേണ്ട ഫ്രഞ്ച് സ്കൂളിൽ അഞ്ച് പേര് മാത്രമേയുള്ളൂ. ബാക്കി ആറ് പേരുടെ ചുമതല നിർവഹിക്കുന്നത് മേഖലയിലെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വന്ന് പോകുന്നവരാണ്.
നിലവില്‍ അഞ്ച് പേര്‍ക്ക് ഫ്രഞ്ച് ഭാഷയറിയാം. ഇതില്‍ രണ്ട് പേര് താൽക്കാലിക നിയമനത്തിലുളളവരാണ്. ഇവര്‍ 25 വര്‍ഷമായി താല്കാലിക അധ്യാപകരായി തുടരുന്നു. ഫ്രഞ്ച് ബിരുദവും സി.ടെറ്റും ഉളളവരെ മാത്രമേ പുതുതായി നിയമിക്കുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്. ഫ്രഞ്ച് ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ മാഹിയിലുണ്ട്. അവര്‍ക്ക് ബി.എഡുമുണ്ട്. എന്നാല്‍ സി.ടെറ്റ് ഫ്രഞ്ചിലില്ല.
സര്‍ക്കാരാണെങ്കില്‍ വിട്ടുവീഴ്ചക്കും തയാറല്ല. ഭൗതികമായ എല്ലാ സൗകര്യങ്ങളുമുള്ള വിദ്യാലയമാണിത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉൾപ്പെടെ ഇവിടെ പഠിക്കുന്നുമുണ്ട്. ബ്രവെ പാസായാല്‍ മാഹിയില്‍ തന്നെ പ്ലസ് ടു ഫ്രഞ്ച് പഠനത്തിന് സൗകര്യമുണ്ട്. ബിരുദ പഠനത്തിന് പുതുച്ചേരിയിലും അവസരമുണ്ട്. ബിരുദാനന്തര പഠനത്തിന് ഫ്രാന്‍സിലേക്ക് പോകാനും സംവിധാനമുണ്ട്. ജോലി സാധ്യതയും ഏറെയാണ്.
അധികൃതരുടെ കടുത്ത അവഗണനയിൽ കുട്ടികളെ ഈ വിദ്യാലയത്തില്‍ ചേർക്കാൻ രക്ഷിതാക്കൾ മടിക്കുന്ന അവസ്ഥയാണിപ്പോള്‍. മാഹിയില്‍ ഇന്നും ഇന്‍ഡോ-ഫ്രഞ്ച് സംസ്കൃതിയുടെ ശേഷിപ്പുകളുണ്ട്. ഫ്രഞ്ച് വിമോചന പോരാട്ടം നടത്തിയ സമര നായകരൊക്കെ ഫ്രഞ്ച് ഭാഷയേയും സംസ്കൃതിയേയും സ്നേഹിച്ചവരായിരുന്നു.
കോളനിവാഴ്ചയെ മാത്രമേ അവര്‍ എതിര്‍ത്തിട്ടുള്ളൂ. ഇന്‍ഡോ-ഫ്രഞ്ച് ഉടമ്പടിയിലും പ്രഞ്ച്ഭാഷയുടെ പരിരക്ഷണം പരാമര്‍ശിക്കുന്നുണ്ട്. ലോകോത്തര ഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും സർക്കാര്‍ ഉടന്‍ ഇടപെടണമെന്നുമാണ് മാഹിയിലെയും കേരളത്തിലെയും സാമൂഹിക മേഖലയിലുള്ളവരുടെ അഭ്യർഥന.
മാഹിയിലെ ഫ്രഞ്ച് സ്കൂൾ നിലനിർത്തണം -എം. മുകുന്ദൻ
മാഹി: പഠിക്കാൻ കുട്ടികളുള്ള കാലത്തോളം മാഹിയിലെ ഫ്രഞ്ച് സ്കൂൾ നിലനിർത്തണമെന്ന് മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ. ഫ്രഞ്ചുകാർ പോയി. ഇനി അവരുടെ ഭാഷ എന്തിന് നിലനിർത്തണമെന്ന് ചോദിക്കുന്നവരുണ്ട്. ഇംഗ്ലീഷുകാർ പോയപ്പോൾ നമ്മൾ അവരുടെ ഭാഷ ഉപേക്ഷിച്ചോ? നേരെ മറിച്ചാണ് സംഭവിച്ചത്. ഇംഗ്ലീഷ് മീഡിയത്തിലുള്ള സ്കൂളുകൾ വർധിക്കുകയാണ് ഉണ്ടായത്. അപ്പോൾ ഫ്രഞ്ചിനോട് മാത്രം എന്തിന് ഈ ചിറ്റമ്മ നയം? മാഹിക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ട്.
അതിന്റെ ഭാഗമാണ് ഞങ്ങളുടെ ഫ്രഞ്ച് സ്കൂളെന്ന് പൂർവവിദ്യാർഥി കൂടിയായ അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഭാഷയിൽ പഠിച്ചാൽ എന്ത് ഗുണം എന്ന് ചിലർ ചോദിക്കാറുണ്ട്. ഗുണമുണ്ട്. രാജ്യത്തിന്റെ അതിരുകൾ മാഞ്ഞു പോകുന്ന ഈ കാലത്ത് ഫ്രഞ്ച് വിദ്യാഭ്യാസം ലഭിച്ചവർക്ക് ലോകത്തിൽ എല്ലായിടത്തും ജോലി കിട്ടാനുള്ള സാധ്യതകളുണ്ട്. മാഹിയിലെ ഫ്രഞ്ച് സ്കൂൾ നിലനിർത്തണം. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകളിൽ ഉടൻ നിയമനങ്ങൾ ഉണ്ടാകണമെന്നും ഇപ്പോൾ അമേരിക്കയിലുള്ള മുകുന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.