വേണം മൂപ്പൻ കുന്നിന് ടൂറിസം പരിഗണന
text_fieldsമാഹി: മൂപ്പൻ കുന്ന് മനോഹരമാക്കാനും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനും മാഹി ഭരണകൂടത്തിന്റെ പ്രത്യേക പരിഗണന വേണം. വിനോദ സഞ്ചാരികൾക്ക് കടൽക്കാഴ്ചകളും കാറ്റിന്റെ തഴുകലും ആസ്വദിക്കാൻ ഇരുനിലകളിലുള്ള നിരീക്ഷണ കേന്ദ്രം ഇവിടെയുണ്ട്. കിലോമീറ്ററുകൾക്കപ്പുറത്തുള്ള ധർമടം തുരുത്തും ഇവിടെനിന്ന് കാണാം.
ഫ്രഞ്ച് അധീനകാലത്ത് നിർമിച്ച കെട്ടിടം ഭരണ കേന്ദ്രമായി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയമായാണ് പ്രവർത്തിക്കുന്നത്.
വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന മൂന്ന് നൂറ്റാണ്ടുമുമ്പ് കപ്പലിൽ വരുന്ന വ്യാപാരികൾക്ക് പ്രദേശത്തിന്റെ സൂചന നൽകിയത് കുന്നിൻ മുകളിലുള്ള ലൈറ്റ് ഹൗസാണ്. ഇന്ത്യൻ നേവിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
സൗരോർജം ഉപയോഗിച്ച് ലൈറ്റ് ഹൗസ് പ്രവർത്തിപ്പിച്ചിരുന്നതും ഇതുപയോഗിച്ച് വെള്ളം ചൂടാക്കിയിരുന്ന പ്രത്യേക തരത്തിലുള്ള വലിയ സിമന്റ് പാത്രവും ഇവിടെ കാണാം. അത്യപൂർവ നിബിഢ മരങ്ങളുള്ള ഈ കുന്നിലാണ് ഫ്രഞ്ചുകാർ ഉപയോഗിച്ചിരുന്ന കൊടിമരം സൂക്ഷിച്ചിട്ടുള്ളത്. കുന്നിലേക്കുള്ള പഴയ നാട്ടുപാതയിലെ അലങ്കാര ദീപങ്ങൾ മിഴിയടച്ചു.
ടിപ്പു സുൽത്താൻ ഫ്രഞ്ച് ഭരണകാലത്ത് മാഹി സന്ദർശിച്ചപ്പോൾ വിശ്രമിച്ചത് ഈ കുന്നിലെ പാറയിലായിരുന്നുവത്രെ.10 രൂപ പ്രവേശന ഫീസ് ഈടാക്കി പ്രവേശിപ്പിക്കുന്ന സന്ദർശകരെ നിരീക്ഷിക്കാൻ മൂപ്പൻകുന്നിൽ സംവിധാനമില്ലാത്തത് ചിലർ ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. പുതുച്ചേരി പൊലീസിനോടൊപ്പം മറ്റു സുരക്ഷ സൗകര്യങ്ങളും ഇവിടെ ഒരുക്കാം.
പുഴയോര നടപ്പാത, പുതുതായി പ്രഖ്യാപിച്ച വളവിൽ കടപ്പുറത്തെ ടൂറിസം പദ്ധതികൾ എന്നിവ കൂടുതൽ ആകർഷകമാക്കുന്നതിനും പദ്ധതി വേണം.
കടലിൽ നിന്നുള്ള കാറ്റിനെ പ്രതിരോധിക്കാൻ നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങൾ നശിച്ചു. ഇപ്പോൾ കുന്നിനുമുകളിൽ തേക്കു മരങ്ങളാണുള്ളത്.
ജനങ്ങൾക്ക് സ്വതന്ത്രമായി തുറന്നുകൊടുക്കാത്തതിനാലാണ് മൂപ്പൻ കുന്നിന് വലിയ പ്രചാരം ലഭിക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.