എം.വി.ദേവന്‍റേത് നാട് ശ്രദ്ധിച്ച വിമത ശബ്ദം: എം.മുകുന്ദൻ
text_fieldsമാഹി: സംസ്ഥാനത്ത് ഒരു കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വിമത ശബ്ദം എം.വി.ദേവന്‍റേതായിരുന്നെന്ന് നോവലിസ്റ്റ് എം.മുകുന്ദൻ. സമൂഹത്തിന്‍റെ ശരിയായ പ്രയാണത്തിന് ഇത്തരം എതിർശബ്ദങ്ങൾ അനിവാര്യമാണ്. കിട്ടാവുന്ന ലാഭം മോഹിച്ച് പലരും എതിർ ശബ്ദത്തിന് മടിക്കുന്നു. ദേവൻ മാഷ് അതിൽ നിന്നും തീർത്തും വ്യത്യസ്തനാണെന്ന് അദ്ദേഹം പറഞ്ഞു ചിത്രകാരൻ എം.വി.ദേവന്‍റെ സ്മരണയിൽ സംഘടിപ്പിച്ച ദേവായനം ചിത്ര ശിൽപപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവനെപോലുളളവർ വിസ്മൃതിയിലേക്ക് തള്ളപെടേണ്ടവരല്ലെന്നും മറിച്ച് ആലോഷിക്കപ്പെടേണ്ടവരാണെന്നും എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. വലിയ മഹാരഥന്മാർ പോലും മറയ്ക്കപ്പെടുന്ന കാലമാണിത്. മഹത്വമാർന്ന വ്യക്തികളെ നിത്യമായി ഓർമ്മിക്കുന്ന ജനസഞ്ചയം കൂടി നമുക്കുണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലമെത്ര കഴിഞ്ഞാലും ചിത്രമായോ, ശിൽപ്പമായോ വിമത ശബ്ദമായോ ദേവൻ മാഷ് നിറഞ്ഞ് നിൽക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രകാരൻ പി. ഗോപിനാഥിന് ലഭിച്ച എം.വി.ദേവൻ സ്മാരക പുരസ്കാരം അദ്ദേഹത്തിന്‍റെ അഭാവത്തിൽ ബിനു രാജ് കലാപീഠത്തിന് എം മുകുന്ദൻ സമ്മാനിച്ചു.
ആത്മാർത്ഥതയുടേയും, നേരിന്‍റെയും ആശയങ്ങൾ ഒരു ശിൽപ്പത്തിലെന്ന പോലെ താളലയഭംഗിയോടെ ദേവനിൽ വിന്യസിക്കപ്പെട്ടിരിക്കുന്നതായി പ്രമുഖ നാടൻ കലാ ഗവേഷകൻ കെ.കെ.മാരാർ അദ്ധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു. കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം.രാമചന്ദ്രൻ, പ്രമുഖ ചിത്രകാരൻമാരായ എൻ.കെ.പി. മുത്തുക്കോയ, ഡോ. എ.പി.ശ്രീധരൻ,, ശാലിനി എം ദേവൻ,ചാലക്കര പുരുഷു, ജമീല എം.ദേവൻ, പ്രശാന്ത് ഒളവിലം, എം.ഹരീന്ദ്രൻ, സുരേഷ് കൂത്തുപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
രാജ്യത്തെ 150 പ്രശസ്ത ചിത്രകാരന്മാരുടെ ചിത്ര-ശിൽപ്പ പ്രദർശനം 15 വരെ തുടരും. കൂത്തുപറമ്പ് ഏഷ്യൻ ആർട്സ് സെന്‍ററും കൊച്ചിയിലെ എം.വി.ദേവൻ ഫൗണ്ടേഷനും മലയാള കലാഗ്രാമവും ചേർന്നാണ് പ്രദർശനമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.